ഐപാഡ് ഉപയോക്താക്കള്‍ക്ക് വലിയൊരു ആശ്വാസ വാർത്തയുമായി ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്‌ആപ്പ്. ഇനി മുതല്‍ ഐഫോണിന്റെയോ ആൻഡ്രോയിഡ് ഫോണിന്റെയോ സഹായമില്ലാതെ ഐപാഡില്‍ നേരിട്ട് വാട്സ്‌ആപ്പ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനും അത് പ്രൈമറി ഡിവൈസ് ആയി ഉപയോഗിക്കാനും സാധിക്കും.
ഇതുവരെ ലിങ്ക്ഡ് ഡിവൈസ് അല്ലെങ്കില്‍ കമ്പാനിയൻ മോഡ് വഴി ഫോണിലെ വാട്സ്‌ആപ്പുമായി ക്യുആർ കോഡ് സ്കാൻ ചെയ്ത് മാത്രമേ ഐപാഡില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. ഈ രീതിയാണ് പുതിയ മാറ്റത്തോടെ മാറുന്നത്.
നിലവില്‍ ഐപാഡ് മറ്റൊരു ഫോണുമായി ലിങ്ക് ചെയ്ത് ഉപയോഗിക്കുമ്പോള്‍ നിരവധി പരിമിതികള്‍ നേരിടേണ്ടി വന്നിരുന്നു. കമ്പാനിയൻ മോഡില്‍ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഇനി അത് സാധ്യമാകും. ബ്രോഡ്കാസ്റ്റ് ലിസ്റ്റുകള്‍ നിർമ്മിക്കാനോ സന്ദേശങ്ങള്‍ അയക്കാനോ ഉള്ള നിയന്ത്രണങ്ങള്‍ നീങ്ങും. ബിസിനസ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഫ്ലോസ് ഫീച്ചറുകള്‍ സാധാരണ പോലെ ഐപാഡിലും ലഭ്യമാകും. ലിങ്ക്ഡ് ഡിവൈസ് ആണെങ്കില്‍ പ്രൈമറി ഫോണില്‍ തുടർച്ചയായി 14 ദിവസം വാട്സ്‌ആപ്പ് തുറക്കാതിരുന്നാല്‍ ഐപാഡിലെ അക്കൗണ്ട് തനിയെ ലോഗ് ഔട്ട് ആകുമായിരുന്നു. ഇനി ഐപാഡ് തന്നെ മെയിൻ ഡിവൈസ് ആകുന്നതോടെ ഈ പേടി വേണ്ട.
ട്രാക്കറായ വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഐപാഡ് ഒഎസ് പതിപ്പ് 26.25.74-ലൂടെയാണ് ഈ പുതിയ മാറ്റം ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഫോണില്‍ വാട്സ്‌ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്നത് പോലെ തന്നെ എളുപ്പത്തില്‍ ഐപാഡിലും ഇത് ചെയ്യാം.
ആപ്പ് തുറന്ന് രാജ്യം തിരഞ്ഞെടുക്കുക, ഫോണ്‍ നമ്പർ നല്‍കുക. മൊബൈലിലേക്ക് വരുന്ന 6 അക്ക വെരിഫിക്കേഷൻ കോഡ് ടൈപ്പ് ചെയ്ത് അക്കൗണ്ട് സജീവമാക്കാം. നിലവില്‍ വാട്സ്‌ആപ്പില്‍ പാസ്കീ സെറ്റ് ചെയ്തവർക്ക് എസ്‌എംഎസ് കോഡിന് കാത്തുനില്‍ക്കാതെ ബയോമെട്രിക് വഴി പെട്ടെന്ന് ലോഗിൻ പൂർത്തിയാക്കാനും സാധിക്കും. പുതിയ ഫീച്ചർ വന്നു എന്ന് കരുതി നിലവിലെ കമ്പാനിയൻ മോഡ് പൂർണ്ണമായി ഒഴിവാക്കില്ല. ഫോണ്‍ തന്നെ പ്രൈമറി ഡിവൈസായി നിലനിർത്തി ഐപാഡിനെ സെക്കൻഡറി സ്ക്രീനായി ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് നിലവിലെ ക്യുആർ കോഡ് സ്കാനിങ് രീതി തുടർന്നും ഉപയോഗിക്കാം. ആദ്യമായി ഐപാഡില്‍ വാട്സ്‌ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രൈമറി ഡിവൈസ് വേണോ അതോ കമ്പാനിയൻ ഡിവൈസ് വേണോ എന്ന് തിരഞ്ഞെടുക്കാനുള്ള രണ്ട് ഓപ്ഷനുകള്‍ ആപ്പ് നല്‍കും. നിലവില്‍ പരിമിതമായ ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങിയ ഈ ഫീച്ചർ വരും ആഴ്ചകളില്‍ എല്ലാ ഐപാഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചന.

