ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാകേണ്ടിയിരുന്ന മകന്റെ 25-ാം പിറന്നാള്‍ ദിനം കോളാരി ഗ്രാമത്തിന് സമ്മാനിച്ചത് തീരാദുഃഖം.
പുതുവസ്ത്രങ്ങളും വിരുന്നൊരുക്കാനുള്ള സാധനങ്ങളും വാങ്ങാനായി പുറപ്പെട്ട അച്ഛനും മകനും സ്വകാര്യ ബസിടിച്ചാണ് ദാരുണമായി മരിച്ചത്. മട്ടന്നൂർ കോളാരി ഇല്ലത്തുവളപ്പില്‍ ഹൗസില്‍ ഇ.വി. വൈഷ്ണവ് (25), പിതാവ് വിനോദ് (48) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 10.15-ഓടെ മട്ടന്നൂർ-ഇരിട്ടി റോഡില്‍ ഉളിയില്‍ കൂരൻമുക്കിലായിരുന്നു അപകടം. ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ധനലക്ഷ്മി ബസാണ് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറില്‍ ഇടിക്കുന്നത് ഒഴിവാക്കാൻ ബസ് വലത്തോട്ട് വെട്ടിച്ചപ്പോഴാണ് വിനോദും വൈഷ്ണവും സഞ്ചരിച്ച വാഹനത്തിലേക്ക് ബസ് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസ് മറ്റൊരു സ്കൂട്ടറിലും ഇടിച്ചു; ഇതില്‍ സഞ്ചരിച്ച ഇരിട്ടി സ്വദേശി ഫിറോസിന് പരിക്കേറ്റു. കൂലിപ്പണിക്കാരനായ വിനോദും വയറിങ് തൊഴിലാളിയായ വൈഷ്ണവും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവുമാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിച്ചു. അപകടത്തിന് തൊട്ടുമുമ്പ് മറ്റൊരു ഓട്ടോഡ്രൈവറുമായി ബസ് ജീവനക്കാർ തർക്കത്തിലേർപ്പെട്ടിരുന്നതായും തുടർന്ന് ബസ് അതിവേഗത്തിലാണ് സഞ്ചരിച്ചതെന്നും യാത്രക്കാർ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജനപ്രതിനിധികളും സ്ഥലത്തെത്തി. മത്സരയോട്ടം തടയാൻ കർശന നടപടിയെടുക്കുമെന്നും ബസ് ജീവനക്കാരുമായി യോഗം ചേരുമെന്നും അധികൃതർ ഉറപ്പുനല്‍കി. അമിതവേഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണവും നടത്തി.

