നേപ്പാളിലുണ്ടായ അതിഭയങ്കരമായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 170 ആയി ഉയർന്നു. ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയുണ്ടായ ദുരന്തത്തില്‍ എണ്ണൂറിലധികം ആളുകളെയാണ് കാണാതായിട്ടുള്ളത്.
ഇതില്‍ വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് നദിയില്‍ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം. ദുരന്തബാധിത പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
അപകടത്തില്‍പ്പെട്ടവരില്‍ നിരവധി വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. കാണാതായവരില്‍ 105 ഇന്ത്യൻ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ നിന്നും ഇഷ ഫൗണ്ടേഷൻ വഴിയും യാത്ര തിരിച്ച നിരവധി പേരെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രളയത്തിന്റെ തീവ്രതയില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു തരിപ്പണമായി. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാളില്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത മേഖലയിലുള്ളവർക്കും അവരുടെ ബന്ധുക്കള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെല്‍പ് ലൈൻ നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നല്‍കുന്ന വിവരം.

