യുദ്ധസാഹചര്യത്തെത്തുടർന്ന് ഏറെക്കുറെ അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ഒമാന്റെ മൂന്ന് കപ്പലുകള്‍ വിജയകരമായി പ്രവേശിച്ചു.
ഇറാനിയൻ ജലപാതയിലൂടെയുള്ള പതിവ് വടക്കൻ പാതയ്ക്ക് പകരം സ്വന്തം തീരദേശത്തോട് ചേർന്നുള്ള പുതിയ പാതയാണ് കപ്പലുകള്‍ തിരഞ്ഞെടുത്തത്. രണ്ട് ഓയില്‍ സൂപ്പർ ടാങ്കറുകളും ഒരു ലിക്വിഡ് നാച്ചുറല്‍ ഗ്യാസ് കപ്പലുമാണ് ഇത്തരത്തില്‍ കടലിടുക്ക് കടന്നത്. ഒമാൻ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ കീഴിലുള്ള ഈ കപ്പലുകള്‍ സുരക്ഷിതമായി നീങ്ങുന്നത് മേഖലയിലെ ഇന്ധന നീക്കത്തില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഗള്‍ഫ് മേഖലയില്‍ നിന്ന് പുറപ്പെടുന്ന ആദ്യത്തെ എല്‍എൻജി കപ്പലാണിത് എന്നത് ശ്രദ്ധേയമാണ്. ഏകദേശം 2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വഹിക്കുന്ന കൂറ്റൻ ടാങ്കറുകളില്‍ ഒന്ന് സൗദി അറേബ്യയില്‍ നിന്നും മറ്റൊന്ന് അബുദാബിയില്‍ നിന്നുമാണ് യാത്ര തിരിച്ചത്. കപ്പലുകളെ ട്രാക്ക് ചെയ്യുന്നതില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഇവയുടെ നീക്കം ഇറാൻ നിരീക്ഷിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനുമായി ചേർന്ന് പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കുകയാണെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി കാസിം ഘരിബാബാദി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞർ അടുത്തിടെ യോഗം ചേർന്നിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത ഈ വെർച്വല്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തു. യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തോളം കപ്പലുകളിലെ ഇരുപതിനായിരത്തോളം നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോളതലത്തിലുള്ള ആസൂത്രണ നടപടികള്‍ക്കും യോഗം മുൻഗണന നല്‍കി. ആഗോള ഊർജ്ജ വിതരണ ശൃംഖലയെ ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കണ്ടെത്താനാണ് ലോകരാജ്യങ്ങളുടെ ശ്രമം.

