2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാർത്താ ചാനലുകള്‍ നടത്തുന്ന പ്രീ-പോള്‍ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു.
കെ.പി.സി.സി അംഗം അഡ്വ. ജെ.എസ്. അഖില്‍ ആണ് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്. ഇത്തരം സർവേകള്‍ വോട്ടർമാരുടെ മനോഭാവത്തെയും തിരഞ്ഞെടുപ്പ് ഫലത്തെയും തെറ്റായ രീതിയില്‍ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില സ്ഥാനാർത്ഥികള്‍ വിജയിക്കുമെന്ന് വാർത്താ അവതാരകർ മുൻകൂട്ടി പ്രവചിക്കുന്നത് വഴി ‘ബാൻഡ്‌വാഗണ്‍ ഇഫക്റ്റ്’ സൃഷ്ടിക്കപ്പെടുകയാണെന്നും ഇത് തീരുമാനമെടുക്കാത്ത വോട്ടർമാരെ ബാധിക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. എക്‌സിറ്റ് പോളുകള്‍ക്ക് നിലവില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും പ്രീ-പോള്‍ സർവേകള്‍ക്ക് കൃത്യമായ നിയമങ്ങളില്ലാത്തത് ഒരു വലിയ നിയമപരമായ വിടവാണെന്ന് അഡ്വ. ജെ.എസ്. അഖില്‍ പറഞ്ഞു. അതിനാല്‍ ഇത്തരം സർവേകളുടെ രീതിശാസ്ത്രവും അവയുടെ സാമ്ബത്തിക സ്രോതസ്സും പൂർണ്ണമായും വെളിപ്പെടുത്താൻ മാധ്യമങ്ങള്‍ക്ക് നിർദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജെ.എസ്. അഖില്‍ മാധ്യമങ്ങളെ അറിയിച്ചു.

