അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗില്‍ തുടർച്ചയായ മൂന്നാം കിരീടമെന്ന ചരിത്രനേട്ടമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാർ.
ഞായറാഴ്ച നടന്ന ഐപിഎല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആർസിബി കിരീടം നിലനിർത്തിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നിവർക്ക് ശേഷം ഐപിഎല്ലില്‍ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആർസിബി മാറി.
സിഎസ്‌കെയും മുംബൈയും അഞ്ച് തവണ വീതം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും, ഒരു ടീമിനും ഇതുവരെ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകാൻ സാധിച്ചിട്ടില്ല. ഈ ചരിത്ര നാഴികക്കല്ലാണ് പാട്ടീദാർ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. തന്റെ 33-ാം ജന്മദിനത്തിന്റെ തലേദിവസമാണ് ആർസിബി നായകൻ രണ്ടാമത്തെ ഐപിഎല്‍ കിരീടം വാനിലുയർത്തിയത്. “ഇതിലും മികച്ചൊരു ജന്മദിന സമ്മാനം എനിക്ക് ചോദിച്ചുവാങ്ങാനില്ല. ഈ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്,” പാട്ടീദാർ പറഞ്ഞു.
അവാർഡുകള്‍ വാരിക്കൂട്ടി വൈഭവ് സൂര്യവംശി; ഐപിഎല്‍ 2026-ലെ രാജാവായത് രാജസ്ഥാന്റെ കൗമാര വിസ്മയം
“ഞങ്ങള്‍ 2025-ലും 2026-ലും വിജയിച്ചു. ഈ വിജയം തീർച്ചയായും ആഘോഷിക്കും, എന്നാല്‍ വൈകാതെ തന്നെ ഞങ്ങളുടെ ശ്രദ്ധ തുടർച്ചയായ മൂന്നാം കിരീടത്തിലേക്ക് മാറും. ഈ സീസണില്‍ ഞങ്ങള്‍ വെറുതെ ജയിക്കുകയല്ല ചെയ്തത്, ടൂർണമെന്റില്‍ പൂർണ്ണ ആധിപത്യം പുലർത്തുകയായിരുന്നു,” പാട്ടീദാർ കൂട്ടിച്ചേർത്തു. തന്റെ ക്യാപ്റ്റൻസി ശൈലി വികാരപ്രകടനങ്ങളേക്കാള്‍ കളിയുടെ സാഹചര്യങ്ങളെ വിലയിരുത്തുന്നതാണെന്നും, മാനേജ്മെന്റില്‍ നിന്നും ടീമംഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നായകനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററായും പാട്ടീദാർ ഈ സീസണില്‍ കളം നിറഞ്ഞു. 15 മത്സരങ്ങളില്‍ നിന്ന് 41.75 ശരാശരിയിലും 192.69 സ്ട്രൈക്ക് റേറ്റിലും 501 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ക്വാളിഫയർ 1-ല്‍ ടൈറ്റൻസിനെതിരെ 33 പന്തില്‍ നിന്ന് നേടിയ വെടിക്കെട്ട് 93 റണ്‍സ് ഈ സീസണിലെ മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു.

