സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശില്‍ കൗമാരക്കാരി കനാലില്‍ ചാടി ജീവനൊടുക്കി.
ചന്ദൗലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. അടുത്തിടെ മിർസാപൂരിലുള്ള അമ്മയുടെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. അവിടെ വെച്ച് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ അമ്മ ഉപദേശിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നു.
ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി അമ്മയുടെ ഗ്രാമത്തിലുള്ള കനാലിലേക്ക് ചാടിയത്. ബുധനാഴ്ച രാവിലെ ചന്ദൗലിയിലെ അലിനഗർ ഗോധാന ഗ്രാമത്തിന് സമീപമുള്ള പാലത്തിന് താഴെ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിനടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം പൊലീസില്‍ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

