പാലക്കാട് മെഡിക്കല്‍ കോളേജിന്റെ വികസനത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കനത്ത വാക്പോര്.
മെഡിക്കല്‍ കോളേജ് നിർമ്മാണത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗമായ രമേഷ് പിഷാരടി ഉന്നയിച്ച സബ്മിഷന്, കൃത്യമായ വികസന കണക്കുകള്‍ നിരത്തിയാണ് പി.പി. സുമോദ് എംഎല്‍എ മറുപടി നല്‍കിയത്. മുൻപ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഷാഫി പറമ്പിലിനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന സുമോദിന്റെ പരാമർശം സഭയില്‍ വലിയ ചർച്ചയായി.
പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന് കീഴില്‍ 70 ശതമാനം തുക നീക്കിവെച്ച് നിർമ്മിച്ച ഇന്ത്യയിലെ ഏക മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ദയനീയമാണെന്ന് രമേഷ് പിഷാരടി കുറ്റപ്പെടുത്തി. കഴിഞ്ഞ ഏഴു വർഷത്തിലേറെയായിട്ടും ഹോസ്പിറ്റല്‍ ബ്ലോക്ക്, മോർച്ചറി, സീവേജ് സംവിധാനങ്ങള്‍, ഇലക്‌ട്രിക്കല്‍ ജോലികള്‍ എന്നിവ പാതിവഴിയിലാണെന്നും കാഷ്വാലിറ്റി സൗകര്യങ്ങളുടെ കുറവ് വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പി.പി. സുമോദ് എംഎല്‍എ വാദിച്ചു. മുൻ യുഡിഎഫ് സർക്കാർ വെറും 57 കോടി രൂപ മാത്രം അനുവദിച്ച സ്ഥാനത്ത്, എല്‍ഡിഎഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 755 കോടി രൂപയുടെ വൻ വികസനമാണ് ഇവിടെ നടപ്പാക്കിയതെന്ന് അദ്ദേഹം കണക്കുകള്‍ സഹിതം വ്യക്തമാക്കി. കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമാകാതെ കോളേജിനെ രക്ഷിച്ചെടുത്തത് എല്‍ഡിഎഫ് സർക്കാരാണെന്നും, കാര്യങ്ങള്‍ പഠിച്ച ശേഷം വേണം സഭയില്‍ ഉന്നയിക്കാനെന്നും സുമോദ് പ്രത്യാക്രമണം നടത്തി.

