മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ നീക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നു.
തുടർച്ചയായ സീസണുകളിലെ ടീമിന്റെ ദയനീയ പ്രകടനമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മാനേജ്‌മെന്റിനെ എത്തിച്ചത്. 2026 ഐപിഎല്‍ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ 10 എണ്ണത്തിലും തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ആറു വർഷമായി കിരീട നേട്ടത്തിലേക്ക് എത്താൻ കഴിയാത്ത മുംബൈ ഇന്ത്യൻസ് വലിയൊരു അഴിച്ചുപണിക്കാണ് തയ്യാറെടുക്കുന്നത്.
ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ ടീമിലെ സീനിയർ താരങ്ങള്‍ക്കുള്ള അതൃപ്തിയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കളിക്കളത്തിലും പുറത്തും ഹാർദിക്കിന്റെ പെരുമാറ്റം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു. 2024-ല്‍ രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതുമുതല്‍ ടീമിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. താരങ്ങളെ നിലനിർത്തുന്ന കാര്യത്തിലും പരിശീലകരുടെ നിർദ്ദേശങ്ങള്‍ അനുസരിക്കുന്നതിലും ടീം മാനേജ്‌മെന്റ് കൂടുതല്‍ കർശനമായ നിലപാടുകളിലേക്ക് നീങ്ങുകയാണ്.
യുവേഫ ചാംപ്യൻസ് ലീഗ് ഫൈനല്‍: ആഴ്‌സനല്‍ - പിഎസ്ജി സൂപ്പർ പോരാട്ടം നാളെ
ഹാർദിക് പാണ്ഡ്യയെ ടീമിലെ ഒരു സാധാരണ കളിക്കാരനായി നിലനിർത്തണോ എന്ന കാര്യത്തില്‍ പോലും മാനേജ്‌മെന്റ് ചർച്ചകള്‍ നടത്തുന്നുണ്ട്. അംബാനിമാരുടെ റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ്, ടീമിന്റെ മോശം പ്രകടനത്തില്‍ അതീവ അതൃപ്തരാണ്. എല്ലാ താരങ്ങളും പരിശീലകരുടെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന സന്ദേശം അധികൃതർ നല്‍കാൻ ഒരുങ്ങുകയാണ്. മുംബൈ ഇന്ത്യൻസിന്റെ സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരുന്നതിനായുള്ള വലിയൊരു മാറ്റത്തിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

