കേരളത്തില്‍ സെപ്റ്റംബർ 2 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
15.6 മില്ലിമീറ്റർ മുതല്‍ 64.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളില്‍ ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഇന്ന് (30/08/2026) വൈകുന്നേരം 5:30 മുതല്‍ തിങ്കളാഴ്ച രാത്രി 11:30 വരെ 0.6 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കയറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതുമൂലം തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

