തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാകുന്നു.
സെക്രട്ടേറിയറ്റില്‍ ടൈല്‍ പണിക്കായി എത്തിയ കരാർ ജീവനക്കാരാണ് ഓഫീസുകളുടെ ഉള്‍വശം വരെ ക്യാമറയില്‍ പകർത്തി വീഡിയോകള്‍ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ ഇടപെടലിനെ തുടർന്ന് വീഡിയോകള്‍ പിൻവലിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥർക്ക് പോലും ദൃശ്യങ്ങള്‍ പകർത്തുന്നതില്‍ കർശന വിലക്കുണ്ട്. എന്നാല്‍ ഈ വിലക്കുകളെല്ലാം മറികടന്നാണ് നിർമ്മാണം നടക്കുന്ന കായിക ഭവൻ ഉള്‍പ്പെടെയുള്ള ഓഫീസുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥർ കരാർ കമ്പനിയുമായി ബന്ധപ്പെടുകയും റീല്‍സുകള്‍ പിൻവലിപ്പിക്കുകയുമായിരുന്നു.
വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും നിർദ്ദേശം ലഭിച്ചയുടൻ തന്നെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പകർത്തിയ വ്യക്തി വ്യക്തമാക്കി. കൂടാതെ ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ള മറ്റുള്ളവരോടും അത് നീക്കം ചെയ്യാൻ അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയ തുടക്ക സമയത്തും സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെ റീല്‍സ് ചിത്രീകരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

