മുംബൈ: ഇന്ത്യൻ ടീമില്‍ പരിക്കുകളുടെ പരമ്പര തുടരുമ്പോഴും മുതിർന്ന പേസർ മുഹമ്മദ് ഷമിയെ തുടർച്ചയായി അവഗണിക്കുന്ന സെലക്ടർമാരുടെ നിലപാടില്‍ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ രംഗത്തെത്തി.
ജസ്പ്രീത് ബുമ്ര അടക്കമുള്ള മുൻനിര പേസർമാർ പരിക്കിന്റെ പിടിയിലായിട്ടും, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്ലാനുകളില്‍ ഷമിക്ക് സ്ഥാനമില്ലാത്ത വിധത്തിലുള്ള സമീപനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് യുവതാരങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുന്ന സെലക്ഷൻ കമ്മിറ്റി, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഷമിയെ പാടെ തള്ളിക്കളയുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
തുടർച്ചയായി മത്സരങ്ങള്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഒരു കളിക്കാരന് ചെയ്യാൻ കഴിയുകയെന്ന് സഹീർ ഖാൻ വ്യക്തമാക്കി. ടീം മാനേജ്‌മെന്റിന്റേയും സെലക്ടർമാരുടേയും ചിന്തകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഒരു കളിക്കാരൻ എന്ന നിലയില്‍ നിങ്ങളുടെ സമീപനമാണ് ഏറ്റവും പ്രധാനം. രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ആഭ്യന്തര മത്സരങ്ങളില്‍ തുടർച്ചയായി കളിക്കുക എന്നതാണ് വഴി. ഷമി ഇപ്പോള്‍ ചെയ്യുന്നത് അതുതന്നെയാണെന്നും, ആ കഠിനാധ്വാനം അദ്ദേഹം തുടരണമെന്നും സഹീർ ഉപദേശിച്ചു.
ഇന്ത്യൻ ക്രിക്കറ്റില്‍ വർദ്ധിച്ചുവരുന്ന പരിക്കുകളുടെ പരമ്പരയെക്കുറിച്ചും സഹീർ ഖാൻ തന്റെ അഭിപ്രായം പങ്കുവെച്ചു. കായികതാരങ്ങളുടെ കരിയറിന്റെ സ്വാഭാവിക ഭാഗമാണ് പരിക്കുകളെങ്കിലും, കളിക്കാരുടെ ജോലിഭാരം കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. പരിക്കുകളുടെ യഥാർത്ഥ കാരണം കണ്ടെത്തി അതിനുള്ള ശാസ്ത്രീയമായ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും സഹീർ വ്യക്തമാക്കി. 2023-ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാൻ കഴിയാതിരുന്ന ഷമി, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനായി കഠിന പരിശ്രമത്തിലാണ്.

