മുംബൈ: ഇന്ത്യൻ പേസ് നിരയുടെ കരുത്തായ ജസ്പ്രീത് ബുംറയുടെ തുടർച്ചയായ പരിക്കുകള്‍ ടീം മാനേജ്‌മെന്റിന് വലിയ തലവേദനയാകുമ്പോഴും, മറ്റൊരു പേസറായ മുഹമ്മദ് ഷമിയെ സെലക്ഷൻ കമ്മിറ്റി തഴയുന്നത് ചർച്ചയാകുന്നു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടംനേടിയെങ്കിലും, പരിക്ക് പൂർണ്ണമായി മാറാത്തതിനെ തുടർന്ന് ബുംറയെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നിരുന്നു. തുടർന്ന് ജമ്മു കശ്മീർ പേസർ ആഖിബ് നബിയെയാണ് ബുംറയ്ക്ക് പകരക്കാരനായി ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ ആഖിബ് നബിയുടേത് അർഹിച്ച സെലക്ഷനാണെങ്കിലും, ഈ നീക്കം മുഹമ്മദ് ഷമിയുടെ ടെസ്റ്റ് കരിയറിനെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയർത്തുന്നുണ്ട്. 2023-നു ശേഷം ഷമി ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടില്ല. പരിക്ക് മൂലമാണ് ടീമിന് പുറത്തായതെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. നീണ്ട ഫോർമാറ്റുകള്‍ കളിക്കാനുള്ള ശാരീരികക്ഷമത ഷമിക്കില്ലെന്നാണ് ചീഫ് സെലക്ടറുടെ നിലപാടെങ്കിലും, അവസാനമായി കളിച്ച രഞ്ജി മത്സരങ്ങളില്‍ താരം മികച്ച മികവ് കാട്ടിയിരുന്നു. എന്നാല്‍ ഇന്ത്യൻ ടീമിലേക്കുള്ള തഴയലില്‍ അഗാർക്കർക്കും സെലക്ഷൻ കമ്മറ്റിക്കുമെതിരെ ഷമി നടത്തിയ ചില പരാമർശങ്ങളാണ് അദ്ദേഹത്തെ പുറത്തുനിർത്താൻ കാരണമെന്നാണ് കരുതുന്നത്.
ദുലീപ് ട്രോഫി പോലുള്ള ആഭ്യന്തര ടൂർണമെന്റുകളില്‍ മികച്ച പ്രകടനവും നൂറുശതമാനം ഫിറ്റ്നസും തെളിയിച്ചാല്‍ മാത്രമേ ഷമിയെ ഇനി ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളൂ. അടുത്ത വർഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടുക എന്നതും ഷമിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗുർനൂർ ബ്രാറിനെയും പ്രിൻസ് യാദവിനെയും പോലുള്ള യുവതാരങ്ങള്‍ക്കാണ് സെലക്ടർമാർ മുൻഗണന നല്‍കിയത്. ഈ സാഹചര്യത്തില്‍ 35 കാരനായ ഷമിക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് കടുത്ത പരിശ്രമം ആവശ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ്.

