Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി.എം.ആര്‍.എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

സി.എം.ആര്‍.എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

Express Kerala 4 hrs ago

കൊച്ചി: സി.എം.ആർ.എല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച (ഒക്ടോബർ 26) പരിഗണിക്കും.

കേസില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് പിണറായി വിജയൻ, മകള്‍ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും അഭിഭാഷകർ ജസ്റ്റിസ് സതീഷ് നൈനാല്‍ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനുമുന്നില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപ്പീല്‍ പരിഗണിക്കേണ്ട ജസ്റ്റിസ് കെ. നടരാജൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് നിലവില്‍ അവധിയിലായതിനാലും തിങ്കളാഴ്ച മാത്രമേ സഭയിലുണ്ടാകൂ എന്നതിനാലുമാണ് ഹർജി മാറ്റി വെച്ചത്. റോസ്റ്റർ പ്രകാരം ജസ്റ്റിസ് കെ. നടരാജന്റെ ബെഞ്ചുതന്നെ കേസ് പരിഗണിക്കട്ടെ എന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാൻ സുപ്രീം കോടതി പിണറായി വിജയന് പത്തുദിവസത്തെ സമയം അനുവദിക്കുകയും അതുവരെ വിജിലൻസ് അന്വേഷണം തടയുകയും ചെയ്തിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, അപ്പീല്‍ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയായിരുന്നു. രജിസ്ട്രി വഴി സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിലെത്താനുള്ള കാലതാമസം ഒഴിവാക്കാൻ സുപ്രീം കോടതി ഉത്തരവടക്കം ചേർത്ത് പിണറായി വിജയൻ തന്നെ നേരിട്ട് ഹൈക്കോടതിയില്‍ സമർപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന വാദത്തില്‍ പിണറായി വിജയന് വേണ്ടി സുപ്രീം കോടതിയില്‍ നിന്നുള്ള മുതിർന്ന അഭിഭാഷകർ ഹാജരാകും.

മുമ്പ് പിണറായി വിജയന്റെ അപ്പീല്‍ കേള്‍ക്കാനുള്ള അപേക്ഷ തള്ളിയ ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോണ്‍സണ്‍ ജോണും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചുതന്നെയാണ് തിങ്കളാഴ്ചയും കേസ് കേള്‍ക്കുന്നത്. അതേസമയം, ചോദ്യംചെയ്യലിനായി ഇന്ന് (ഒക്ടോബർ 23) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയൻ കത്തുമുഖേന അറിയിച്ചിട്ടുണ്ട്. വിജിലൻസ് കേസിലെ അന്വേഷണം സുപ്രീം കോടതി സ്‌റ്റേ ചെയ്ത കാര്യവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala