ഇന്ത്യൻ വാഹന വിപണിയില്‍ ഇലക്‌ട്രിക്-ഹൈബ്രിഡ് വിപ്ലവത്തിന് ആക്കം കൂട്ടാൻ കിയ മോട്ടോഴ്‌സ് ഒരുങ്ങുന്നു. കിയയുടെ ആദ്യ ബാറ്ററി ഇലക്‌ട്രിക് മോഡലായ സൈറോസ് ഇവിയും, 7 സീറ്റർ പ്രീമിയം ഹൈബ്രിഡ് എസ്‌യുവിയായ സൊറെന്റോയും വരും മാസങ്ങളില്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ സൂചനകള്‍.
ഇതിന് മുന്നോടിയായി കിയ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളില്‍ പുതിയ ടീസർ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 2030ഓടെ ഇന്ത്യയില്‍ എട്ട് ഇലക്‌ട്രിഫൈഡ് വാഹനങ്ങള്‍ ഉള്‍പ്പെടെ 10 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് കിയ ഇൻവെസ്റ്റർ ഡേ പരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഈ പുത്തൻ മോഡലുകള്‍ എത്തുന്നത്.
റിപ്പോർട്ടുകള്‍ പ്രകാരം കിയ സൈറോസ് ഇവി ഈ ഓഗസ്റ്റില്‍ തന്നെ ഇന്ത്യൻ വിപണിയില്‍ വില്‍പനയ്‌ക്കെത്തും. ഇതിന്റെ ഔദ്യോഗിക അനാച്ഛാദനം ഈ മാസം ഉണ്ടായേക്കും. തൊട്ടുപിന്നാലെ സെപ്റ്റംബർ അല്ലെങ്കില്‍ ഒക്ടോബർ മാസത്തോടെ ഏഴ് സീറ്റർ സൊറെന്റോ ഹൈബ്രിഡ് എസ്‌യുവിയും വിപണിയിലെത്തും. ജനപ്രിയ മോഡലുകളായ സെല്‍റ്റോസ് ഹൈബ്രിഡ് 2027 ലും, കാർണിവല്‍ ഹൈബ്രിഡ് 2028-29 കാലയളവിലും ഇന്ത്യൻ നിരത്തുകളില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്യൻ വിപണിയില്‍ തരംഗമായ ഹ്യുണ്ടായ് ഇൻസ്റ്റർ ഇവിയുടെ അതേ കെ1 പ്ലാറ്റ്‌ഫോമിലാണ് കിയ സൈറോസ് ഇവിയും നിർമ്മിക്കുന്നത്. വിപണിയിലെ ആവശ്യകത അനുസരിച്ച് 42 kWh, 49 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ വാഹനം ലഭ്യമായേക്കും. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താല്‍ പരമാവധി 369 കിലോമീറ്റർ വരെ റേഞ്ച് ഈ കുട്ടി ഇലക്‌ട്രിക് കാർ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിയയുടെ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഇവി കൂടിയായിരിക്കും ഇത്. ഇന്ത്യൻ നിരയില്‍ കിയ സെല്‍റ്റോസിന് തൊട്ടുമുകളിലായിരിക്കും പ്രീമിയം 7 സീറ്റർ എസ്‌യുവിയായ സൊറെന്റോയുടെ സ്ഥാനം. വിപണിയില്‍ സ്കോഡ കോഡിയാക്, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗണ്‍ ടൈറോണ്‍ ആർ-ലൈൻ തുടങ്ങിയ വമ്പന്മാരുമായാണ് സൊറെന്റോ മത്സരിക്കുക. അന്താരാഷ്ട്ര വിപണിയില്‍ 1.6 ലിറ്റർ ടർബോ പെട്രോള്‍ ഹൈബ്രിഡ് എൻജിനാണ് ഇതിനുള്ളതെങ്കിലും, ഇന്ത്യൻ പതിപ്പില്‍ കൂടുതല്‍ മൈലേജ് നല്‍കുന്ന 1.5 ലിറ്റർ പെട്രോള്‍ ഹൈബ്രിഡ് എൻജിൻ ഇടംപിടിച്ചേക്കും. കിയ സൈറോസ് ഇവിക്ക് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ എക്സ്-ഷോറൂം വില. സൊറെന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ പ്രാരംഭ വില ഏകദേശം 30 ലക്ഷം രൂപയില്‍ ആരംഭിച്ചേക്കും.

