Dailyhunt
താരചിത്രങ്ങളെയും വെട്ടിച്ച്‌ 'വാഴ 2'; മണ്‍ഡേ ടെസ്റ്റിലും വൻ കുതിപ്പ്

താരചിത്രങ്ങളെയും വെട്ടിച്ച്‌ 'വാഴ 2'; മണ്‍ഡേ ടെസ്റ്റിലും വൻ കുതിപ്പ്

Express Kerala 3 weeks ago

തൊരു സിനിമയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ 'മണ്‍ഡേ ടെസ്റ്റ്' അനായാസം മറികടന്ന് 'വാഴ 2' ബോക്സ് ഓഫീസില്‍ വിസ്മയമാകുന്നു.

സാധാരണയായി പ്രവൃത്തിദിനങ്ങളില്‍ കളക്ഷനില്‍ വലിയ ഇടിവ് സംഭവിക്കാറുണ്ടെങ്കിലും, വാഴ 2 തിങ്കളാഴ്ച മാത്രം കേരളത്തില്‍ നിന്ന് നേടിയത് 7.40 കോടി രൂപയാണ്. റിലീസ് ദിനത്തില്‍ 5.20 കോടിയില്‍ തുടങ്ങിയ ചിത്രം ഞായറാഴ്ച 8.35 കോടി എന്ന റെക്കോർഡ് നേട്ടവും സ്വന്തമാക്കിയിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഹാഷിറും സംഘവും ഒരുക്കിയ ഈ ചിത്രം ജനപ്രീതിയുടെ കാര്യത്തില്‍ വൻ താരചിത്രങ്ങളെപ്പോലും പിന്നിലാക്കിയിരിക്കുകയാണ്.

കേരള ബോക്സ് ഓഫീസിന്റെ ചരിത്രത്തില്‍ റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന ബഹുമതിയും ഇതോടെ വാഴ 2 സ്വന്തമാക്കി. 10.52 കോടി നേടിയ മോഹൻലാല്‍ ചിത്രം ‘എമ്പുരാൻ’ മാത്രമാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. എന്നാല്‍ എമ്പുരാൻ നേടിയ നേട്ടം ഒരു അവധി ദിനത്തിലായിരുന്നു എന്നത് പരിഗണിക്കുമ്പോള്‍, ഒരു സാധാരണ പ്രവൃത്തിദിനത്തില്‍ 7.40 കോടി വാരിക്കൂട്ടിയ വാഴ 2-ന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. വിജയ് ചിത്രം ‘ലിയോ’ (7.15 കോടി), ‘തുടരും’ (6.85 കോടി), ‘ലോക ചാപ്റ്റർ 1 ചന്ദ്ര’ (5.25 കോടി) തുടങ്ങിയ വമ്പൻ ചിത്രങ്ങളെയാണ് ഹാഷിറും സംഘവും പിന്നിലാക്കിയത്.

വൻതാരനിരയോ ആഡംബരങ്ങളോ ഇല്ലാതെ എത്തിയ ഒരു കൊച്ചു ചിത്രം ഇത്ര വലിയ വിജയം നേടുന്നത് മലയാള സിനിമാ പ്രേക്ഷകർ ഉള്ളടക്കത്തിനാണ് മുൻഗണന നല്‍കുന്നത് എന്നതിന്റെ തെളിവാണ്. ആദ്യ വാരാന്ത്യത്തിന് ശേഷവും തിയേറ്ററുകളില്‍ അനുഭവപ്പെടുന്ന ഈ വൻ തിരക്ക് വരും ദിവസങ്ങളിലും ചിത്രം വലിയ ലാഭം കൊയ്യുമെന്ന സൂചനയാണ് നല്‍കുന്നത്. യുവത്വത്തിന്റെ ആഘോഷമായി മാറിയ ചിത്രം വരും വാരങ്ങളിലും ബോക്സ് ഓഫീസില്‍ പുതിയ റെക്കോർഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala