തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അമല ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്.
നെടുമങ്ങാട്ടില്‍ നിന്നും സുല്‍ത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസിനാണ് ഓട്ടത്തിനിടയില്‍ പെട്ടെന്ന് തീപിടിച്ചത്. ബസിനുള്ളില്‍ നിന്നും വലിയ തോതില്‍ തീയും പുകയും ഉയരുന്നത് കണ്ടതോടെ യാത്രക്കാരും വഴിയാത്രക്കാരും ഒരേപോലെ ഞെട്ടി. എൻജിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ നാട്ടുകാർ ബഹളം വെച്ച് ബസ് ജീവനക്കാരെ വിവരമറിയിക്കുകയും വാഹനം റോഡരികിലേക്ക് നിർത്തിക്കുകയുമായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ ഒട്ടും സമയം കളയാതെ അതിവേഗം പുറത്തിറക്കാൻ കഴിഞ്ഞതിനാല്‍ വൻ ദുരന്തവും ആളപായവും ഒഴിവായി. യാത്രക്കാരെ മാറ്റിയ തൊട്ടുപിന്നാലെ, നാട്ടുകാർ ഒത്തൊരുമിച്ച് ഫയർ എക്‌സ്‌റ്റിംഗുഷറുകള്‍ പയോഗിച്ച് സമയോചിതമായി ഇടപെട്ട് തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.

