വടക്കൻ കേരളത്തിലെ ജനങ്ങള്‍ വർഷങ്ങളായി അനുഭവിക്കുന്ന കടുത്ത റെയില്‍വേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ വൻ പദ്ധതിയുമായി കാസർകോട് ജില്ലാ ഭരണകൂടം രംഗത്ത്.
കണ്ണൂർ, മംഗലാപുരം സെൻട്രല്‍, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളില്‍ സർവീസ് അവസാനിപ്പിക്കുന്ന 18 പ്രധാന ട്രെയിനുകള്‍ കാസർകോട്ടേക്ക് നീട്ടണമെന്നതാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇത് സംബന്ധിച്ച സമഗ്രമായ ‘റെയില്‍വേ മാസ്റ്റർ പ്ലാൻ’ കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജർ മധുകർ റാവത്തർക്ക് ഔദ്യോഗികമായി സമർപ്പിച്ചു.
നിലവില്‍ കാസർകോട് സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, കോവിഡിന് ശേഷം നിർത്തലാക്കിയ പാസഞ്ചർ സർവീസുകള്‍ അടിയന്തരമായി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും കളക്ടർ സമർപ്പിച്ച കത്തിലുണ്ട്. യാത്രാക്ലേശം മൂലം ജില്ലയിലെ സാധാരണ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍, രാത്രികാല യാത്രക്കാർ, ചികിത്സയ്ക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന രോഗികള്‍ എന്നിവർ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടുകള്‍ കത്തില്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. നിർദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാൻ റെയില്‍വേ അധികൃതർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാണെന്നും, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ അറിയിച്ചു.

