രണ്ടാം എല്‍ഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന പ്രോഗ്രസ് കാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍ പ്രകാശനം ചെയ്തു.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരണനിർവ്വഹണത്തിലെ സുതാര്യതയും ജനങ്ങളോടുള്ള ഉത്തരവാദിത്തവുമാണ് ഈ കണക്കെടുപ്പിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് ജനസമക്ഷം അവതരിപ്പിച്ചത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയാക്കിയതും നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതും സർക്കാരിന്റെ വലിയ നേട്ടങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണത്തിന് മുൻഗണന നല്‍കിക്കൊണ്ട് 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കാൻ സാധിച്ചു. തൊഴില്‍ മേഖലയില്‍ പിഎസ്‌സി വഴി 3,13,202 നിയമനങ്ങളും പുതുതായി 2,66,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഭരണസേവനങ്ങള്‍ ലളിതമാക്കിയതിലൂടെ 82 ലക്ഷം അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കാൻ കഴിഞ്ഞുവെന്നും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പ്രോഗ്രസ് കാർഡ് വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി.

