ഐപിഎല്‍ എലിമിനേറ്റർ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയല്‍സ് കൗമാരതാരം വൈഭവ് സൂര്യവംശി കാഴ്ചവെച്ച ബാറ്റിംഗ് വിസ്ഫോടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
വെറും 29 പന്തില്‍ 97 റണ്‍സ് അടിച്ചുകൂട്ടി റെക്കോർഡുകള്‍ തകർത്ത വൈഭവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്തെത്തി. മുള്ളൻപൂരില്‍ നടന്ന മത്സരത്തില്‍ 5 ഫോറുകളും 12 സിക്സറുകളും ഉള്‍പ്പെട്ട ഇന്നിംഗ്‌സിലൂടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന നേട്ടത്തിന് തൊട്ടരികില്‍ വരെ താരം എത്തിയിരുന്നു. ഈ പ്രകടനത്തോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.
വൈഭവിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് മനോജ് തിവാരി ക്രിക്‌ബസിനോട് പറഞ്ഞതിങ്ങനെയാണ്. “അവന്റെ ബാറ്റ് സ്പീഡ് അത്ഭുതകരമാണ്. തേർഡ് മാൻ ഭാഗത്തുനിന്ന് വരുന്ന ബാറ്റ് സ്വിംഗ് അവനെ ഓണ്‍-സൈഡില്‍ കൂടുതല്‍ കരുത്തനാക്കുന്നു. അവന്റെ ബാറ്റ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എതിർ ബൗളർമാർ ഒപ്പിട്ട് പരാതി നല്‍കിയാലും അത്ഭുതപ്പെടാനില്ല.” വൈഭവിനെ പിടിച്ചുകെട്ടാൻ കെയ്ല്‍ ജാമിസണ്‍ എറിഞ്ഞതുപോലെയുള്ള ഇൻസ്വിംഗിങ് യോർക്കറുകള്‍ മാത്രമാണ് പോംവഴിയെന്നും തിവാരി തമാശരൂപേണ കൂട്ടിച്ചേർത്തു.
ആർസിബിയുടെ വിജയരഹസ്യം അനുഷ്കയുടെ പ്രാർത്ഥനയോ? കൈവിരലിലെ 'രാധ നാമ' മോതിരം വൈറല്‍!
ഈ വെടിക്കെട്ട് പ്രകടനത്തോടെ ഗുജറാത്ത് ഓപ്പണർ സായ് സുദർശനെ മറികടന്ന് വൈഭവ് ഓറഞ്ച് ക്യാപ് പട്ടികയില്‍ ഒന്നാമതെത്തി. നിലവില്‍ 15 ഇന്നിംഗ്സുകളില്‍ നിന്ന് 45.33 ശരാശരിയിലും 242.85 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലും 680 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. വൈഭവിന്റെ ഈ കുതിപ്പ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മയും വൈഭവിനെ വാനോളം പുകഴ്ത്തി. ധോണി, രോഹിത് ശർമ്മ, കോഹ്‌ലി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വർഷങ്ങളോളം ഐപിഎല്ലില്‍ കളിച്ച ശേഷമാണ് വലിയ റെക്കോർഡുകള്‍ കുറിച്ചതെങ്കില്‍, തന്റെ രണ്ടാം സീസണില്‍ തന്നെ അത്തരം നേട്ടങ്ങള്‍ കൈവരിക്കാൻ വൈഭവിന് സാധിച്ചു എന്നത് ചെറിയ കാര്യമല്ലെന്ന് മോഹിത് ശർമ്മ ചൂണ്ടിക്കാട്ടി. സഞ്ജു സാംസണ് പരിക്കേറ്റപ്പോള്‍ ടീമിലെത്തിയ വൈഭവ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രതീക്ഷയായി മാറിക്കഴിഞ്ഞു.

