തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകള്‍ വിവാദമാകുന്നു.
പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പെരമ്പൂരില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്കെതിരെ കേസുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ വിജയ്, തിരുച്ചിറപ്പള്ളിയില്‍ നല്‍കിയ പത്രികയില്‍ രണ്ട് കേസുകള്‍ നിലവിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ല്‍ പെരവല്ലൂർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ഒരു കേസ് പെരമ്പൂരിലെ ഫയലിംഗില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തി പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പ് രേഖകള്‍ പ്രകാരം 603.20 കോടി രൂപയുടെ ആസ്തിയാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 213 കോടി രൂപയുടെ നിക്ഷേപവും ബിഎംഡബ്ല്യു ഐ7, ടൊയോട്ട വെല്‍ഫയർ, ലെക്സസ് തുടങ്ങിയ ആഡംബര വാഹനശേഖരവും ഇതില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യ സംഗീതയ്ക്ക് 15.76 കോടി രൂപയുടെ പ്രത്യേക ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലാണ് വിജയ് രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. സംഗീത കഴിഞ്ഞ മാസം വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായുള്ള വാർത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഏപ്രില്‍ 23-ന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണല്‍. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ ആവേശത്തിലാണ് ആരാധകർ. എന്നാല്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മറച്ചുവെച്ചു എന്ന ആരോപണം രാഷ്ട്രീയ എതിരാളികള്‍ വലിയ ചർച്ചയാക്കുന്നുണ്ട്. നാമനിർദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ഈ പൊരുത്തക്കേടുകള്‍ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

