പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാന ഇന്ധനമായ എടിഎഫിന്റെ വില റെക്കോർഡ് ഉയരത്തിലെത്തിയത് ഇന്ത്യൻ വിമാന കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം ആഗോള എണ്ണ വിപണിയില്‍ ഉണ്ടായ ഇന്ധനക്ഷാമമാണ് വില വർധനയ്ക്ക് പ്രധാന കാരണമായത്. ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപയും കടന്നതോടെ വ്യോമയാന മേഖല തകർച്ചയുടെ വക്കിലാണെന്നും, അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പല വിമാനക്കമ്പനികള്‍ക്കും പ്രവർത്തനം നിർത്തേണ്ടി വരുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര സർക്കാരിനെ അറിയിച്ചു.
പ്രവർത്തനച്ചെലവിന്റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 60 ശതമാനത്തോളമായി ഉയർന്നത് കമ്പനികളുടെ താളം തെറ്റിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില കുതിച്ചുയരുമ്പോള്‍ വിമാന ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്സൈസ് ഡ്യൂട്ടി താല്‍ക്കാലികമായി ഒഴിവാക്കണമെന്നും, വിവിധ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് കുറയ്ക്കണമെന്നും എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ എഫ്‌ഐഎ സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇന്ധന വിലയിലെ ഈ അസമത്വം പരിഹരിക്കാൻ പഴയ ക്രാക്ക് ബാൻഡ് പ്രൈസിംഗ് രീതി വീണ്ടും കൊണ്ടുവരണമെന്നും അവർ നിർദ്ദേശിച്ചു.
ഇന്ധന പ്രതിസന്ധി തുടർന്നാല്‍ അതിന്റെ ആഘാതം വരുംദിവസങ്ങളില്‍ യാത്രക്കാരെ നേരിട്ട് ബാധിക്കും. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വർധിപ്പിക്കുകയോ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ കമ്പനികള്‍ നിർബന്ധിതരാകും. നിലവില്‍ ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ധന സർചാർജ് പരിഷ്കരിച്ചു തുടങ്ങിയിട്ടുണ്ട്. വിമാന യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കില്‍ സർവീസ് തുടരണമെങ്കില്‍ സർക്കാരിന്റെ ഭാഗത്തുനിന്നും നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക പിന്തുണ അനിവാര്യമാണെന്നാണ് വ്യവസായ ലോകത്തിന്റെ വിലയിരുത്തല്‍.

