കഠിനമായ തലവേദനയെ നിസ്സാരമായി തള്ളിക്കളയുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു വാർത്തയാണിത്. യുകെ സ്വദേശിനിയായ 42-കാരി ലൗറി ഡെൻമാന്റെ ജീവിതം തകർത്തത് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന അപൂർവ രോഗാവസ്ഥയാണ്.
ഇവരുടെ തലച്ചോറില്‍ കണ്ടെത്തിയത് 38 പാരസൈറ്റുകളെയായിരുന്നു. 2007-ല്‍ ഇന്ത്യ സന്ദർശിച്ച സമയത്ത് കഴിച്ച ഭക്ഷണത്തില്‍ നിന്നാകാം ഈ രോഗബാധയുണ്ടായതെന്നാണ് ഡോക്ടർമാരുടെ നിഗമനം. പന്നിയിറച്ചിയില്‍ അടങ്ങിയിരുന്ന ‘ടേനിയ സോളിയം’ എന്ന ടേപ്പ് വേമിന്റെ മുട്ടകള്‍ ശരീരത്തിലെത്തിയതാണ് ലൗറിയെ ഗുരുതരാവസ്ഥയിലെത്തിച്ചത്.
ഇന്ത്യ സന്ദർശനശേഷം വർഷങ്ങള്‍ക്ക് ശേഷമാണ് ലൗറിക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. തുടക്കത്തില്‍ കഠിനമായ തലവേദനയായിരുന്നു വില്ലൻ. പിന്നീട് ഇത് അപസ്മാരത്തിലേക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും മരവിപ്പിലേക്കും നയിച്ചു. സംസാരിക്കാൻ ബുദ്ധിമുട്ട്, ഓർമക്കുറവ്, ചെറിയ കുട്ടികളെപ്പോലെ പെരുമാറുക എന്നിങ്ങനെ വിഭ്രാന്തി നിറഞ്ഞ അവസ്ഥയിലൂടെയാണ് ഇവർ കടന്നുപോയത്. 2022-ല്‍ വർഷങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ലൗറി ആരോഗ്യം വീണ്ടെടുത്തത്. ഇന്നും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട അവസ്ഥയിലാണ് ഇവർ.
ALSO READ: നിസാരമായി കാണരുത് കഴുത്തുവേദനയെ, പണികിട്ടും! ഈ ലക്ഷണങ്ങളും അവഗണിക്കരുത്
എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്? പന്നികളിലുണ്ടാകുന്ന ടേപ്പ് വേം മൂലമുണ്ടാകുന്ന അണുബാധയാണിത്. നന്നായി വേവിക്കാത്ത മാംസം കഴിക്കുന്നതിലൂടെയോ, വിരയുടെ മുട്ടകള്‍ കലർന്ന വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ഇത് മനുഷ്യനിലേക്ക് പകരുന്നു. തലച്ചോറിലെ സിസ്റ്റുകളുടെ എണ്ണം, വലിപ്പം, സ്ഥാനം എന്നിവ അനുസരിച്ചാണ് ലക്ഷണങ്ങളുടെ തീവ്രത. അപസ്മാരം, കടുത്ത തലവേദന, ശർദ്ദി, ആശയക്കുഴപ്പം, മാനസിക വിഭ്രാന്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മാസങ്ങളോളം രോഗലക്ഷണമില്ലാതെ ഇത് ശരീരത്തില്‍ കഴിയാം എന്നതാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
ലൗറിയുടെ ചികിത്സയില്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു, കാരണം തലച്ചോറിലെ വിരകള്‍ കാത്സിഫൈ (കാത്സ്യം അടിഞ്ഞ് കട്ടിയാകുക) ചെയ്തിരുന്നു. ആന്റി പാരസൈറ്റിക് മരുന്നുകളും സ്റ്റീറോയ്ഡുകളും ഉപയോഗിച്ചാണ് ഡോക്ടർമാർ ഇവരെ രക്ഷപ്പെടുത്തിയത്. ഇന്നും അപസ്മാരത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും ഈ രോഗത്തെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങളിലെത്തിക്കാനാണ് ലൗറി ശ്രമിക്കുന്നത്. മാംസാഹാരം കഴിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലർത്തണമെന്നും, നന്നായി വേവിച്ചു മാത്രം കഴിക്കണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

