വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്ത് ചരിത്രനേട്ടം കുറിച്ചു.
ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം ഇതോടെ മാറി. 2024 ഡിസംബറില്‍ വാണിജ്യ പ്രവർത്തനം ആരംഭിച്ച തുറമുഖം, 2025 മേയിലാണ് രാജ്യത്തിന് ഔദ്യോഗികമായി സമർപ്പിച്ചത്.
തുറമുഖത്തിന്റെ മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന കാര്യക്ഷമതയും തന്ത്രപ്രധാനമായ സ്ഥാനവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. പ്രതികൂലമായ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും സപ്ലൈ ചെയിൻ തടസ്സങ്ങള്‍ക്കും ഇടയിലാണ് വിഴിഞ്ഞം ഈ നേട്ടം കൈവരിച്ചത്. ഇതുവരെ 950-ലധികം കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; ഇതില്‍ 400 മീറ്റർ നീളമുള്ള 67 അള്‍ട്രാ ലാർജ് കണ്ടെയ്നർ വെസലുകള്‍ ഉള്‍പ്പെടുന്നു എന്നത് ഇന്ത്യയിലെ തന്നെ റെക്കോർഡാണ്.
എം.എസ്.സി ഐറിന, എം.എസ്.സി വേറോണ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളെയും വിഴിഞ്ഞം വിജയകരമായി കൈകാര്യം ചെയ്തു. അന്താരാഷ്ട്ര ഷിപ്പിംഗ് പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള തുറമുഖത്തിന്റെ സ്ഥാനവും, 20 മീറ്റർ പ്രകൃതിദത്ത ആഴവും വലിയ കപ്പലുകള്‍ക്ക് ഡ്രഡ്ജിംഗ് കൂടാതെ തന്നെ എളുപ്പത്തില്‍ പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നു. ഈ പ്രത്യേകതകള്‍ വിഴിഞ്ഞത്തെ ആഗോള വ്യാപാര ഭൂപടത്തില്‍ ഒരു പ്രധാന ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി ഉയർത്തുകയാണ്.

