തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടയില്‍ ബിജെപി വോട്ടർമാർക്ക് കിറ്റുകള്‍ വിതരണം ചെയ്തെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റില്‍ നിന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകള്‍ പിടിച്ചെടുത്തു. കിറ്റുകള്‍ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കർശന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ബിജെപി നേതാവ് രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം നിരവധി സ്ത്രീകള്‍ കിറ്റുകള്‍ വാങ്ങാൻ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 18 ഇനം സാധനങ്ങള്‍ അടങ്ങിയ 75 കിറ്റുകളാണ് സൂപ്പർമാർക്കറ്റിന് പിന്നില്‍ വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്നതെന്നും ഇതില്‍ 50 എണ്ണം ഇതിനോടകം വിതരണം ചെയ്തതായും കടയുടമ സമ്മതിച്ചു. സംഭവത്തെ തുടർന്ന് തിരഞ്ഞെടുപ്പ് അധികൃതർ സൂപ്പർമാർക്കറ്റ് താല്‍ക്കാലികമായി അടപ്പിച്ചു. സിപിഎം പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ഇലക്ഷൻ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ബിജെപി നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടത്തുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനില്‍കുമാർ ആരോപിച്ചു. പണവും മദ്യവും കിറ്റും നല്‍കി ജനവിധി അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, 2024-ല്‍ ചെയ്ത രീതികള്‍ അവർ വീണ്ടും ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർമാർക്കറ്റ് ഉടമകളെ സ്വാധീനിച്ചും കേന്ദ്ര നേതാക്കള്‍ പെട്ടിയില്‍ പണവുമായെത്തിയും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ നോക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം സംഭവത്തില്‍ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

