Dailyhunt
യഥാര്‍ത്ഥ കരാറിലെത്തുന്നതുവരെ യുഎസ് സൈനിക ആസ്തികള്‍ ഇറാനിലും പരിസരത്തും തുടരും: ട്രംപ്

യഥാര്‍ത്ഥ കരാറിലെത്തുന്നതുവരെ യുഎസ് സൈനിക ആസ്തികള്‍ ഇറാനിലും പരിസരത്തും തുടരും: ട്രംപ്

Express Kerala 2 weeks ago

റാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തല്‍ കരാർ പ്രാബല്യത്തിലിരിക്കെ, ഇറാനെതിരെ പുതിയ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്.

ഇരു രാജ്യങ്ങളും തമ്മില്‍ ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു അന്തിമ കരാറിലെത്തുന്നതുവരെ അമേരിക്കൻ സൈന്യം ഇറാനിലും പരിസര പ്രദേശങ്ങളിലും തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രില്‍ ഒമ്പതിന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ വെടിനിർത്തല്‍ വെറും താല്‍ക്കാലികം മാത്രമാണെന്നും വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞേക്കാമെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ഇറാൻ പൂർണ്ണമായും അന്തിമ കരാർ വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് വരെ അമേരിക്കൻ സൈനിക കപ്പലുകളും വിമാനങ്ങളും സൈനിക ഉദ്യോഗസ്ഥരും മേഖലയില്‍ നിലയുറപ്പിക്കുമെന്ന് ട്രംപ് പോസ്റ്റില്‍ പറഞ്ഞു. ഗണ്യമായ തകർച്ച നേരിട്ട ശത്രുവിനെ മാരകമായി ശിക്ഷിക്കുന്നതിനും നശിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ വെടിക്കോപ്പുകളും ആയുധങ്ങളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ പൂർണ്ണമായും പാലിക്കപ്പെടുന്നതുവരെ ഒരു വിട്ടുവീഴ്ചയ്ക്കും അമേരിക്ക തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് നല്‍കുന്നത്.

പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ട്രംപ് നടത്തിയ ഈ പ്രകോപനപരമായ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ തകർന്നടിഞ്ഞ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണി വെടിനിർത്തല്‍ കരാറിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ട്രംപിന്റെ പുതിയ നിലപാടിനോട് ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മേഖലയില്‍ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. അമേരിക്കയുടെ ഈ നീക്കം സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala