റഷ്യ-യുക്രെയ്ൻ മഹായുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുദ്ധഭൂമിയിലെ സമവാക്യങ്ങള്‍ പൂർണമായും തിരുത്തിയെഴുതുകയാണ് യുക്രെയ്ൻ.
മനുഷ്യശേഷിയുടെ കടുത്ത ദൗർലഭ്യവും അന്താരാഷ്ട്ര സഹായങ്ങളിലെ അനിശ്ചിതത്വവും നേരിടുന്ന യുക്രെയ്ൻ, അതിജീവനത്തിനായി ഡിജിറ്റല്‍-റോബട്ടിക് യുദ്ധമുറകളിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. അവിഡിവ്കയിലെയും ബാഖ്മുതിലെയും ചോരപ്പുഴകളില്‍ പൊരുതി മടുത്ത പരിചയസമ്പന്നരായ യുക്രെയ്നിയൻ സൈനികർ ഇന്ന് യുദ്ധമുഖത്ത് നേരിട്ടെത്തുന്നില്ല. പകരം, മൈലുകള്‍ക്കപ്പുറമുള്ള ഭൂഗർഭ ബങ്കറുകളിലെ ഗെയിമർ കസേരകളില്‍ ഇരുന്ന്, കംപ്യൂട്ടർ സ്ക്രീനുകളിലൂടെ റിമോട്ട് കണ്‍ട്രോള്‍ വഴി റോബട്ടുകളെ നിയന്ത്രിച്ചാണ് അവർ ശത്രുപാളയങ്ങളില്‍ മരണം വിതയ്ക്കുന്നത്.
ചരിത്രത്തിലാദ്യമായി ഒരു റഷ്യൻ സൈനിക പോസ്റ്റ് പൂർണമായും റോബട്ടുകളും ഡ്രോണുകളും മാത്രം ഉപയോഗിച്ച് യുക്രെയ്ൻ പിടിച്ചെടുത്തതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. ഈ വർഷം ജനുവരി മുതല്‍ മാത്രം ഇരുപത്തിരണ്ടായിരത്തിലധികം ദൗത്യങ്ങളാണ് ഇത്തരം അണ്‍മാൻഡ് മെഷീനുകള്‍ വഴി യുക്രെയ്ൻ വിജയകരമായി പൂർത്തിയാക്കിയത്. നാല് ചക്രങ്ങളുള്ള ചെറിയ വാഹനങ്ങളില്‍ വൻതോതില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് ശത്രുപാളയത്തിലേക്ക് പാഞ്ഞടുക്കുന്ന ഈ റോബട്ടുകളെ റഷ്യൻ സൈനികർ ഭീതിയോടെ 'സൈലന്റ് കില്ലര്‍' എന്നാണ് വിളിക്കുന്നത്. വെറും 10 മീറ്റർ അരികില്‍ എത്തുമ്പോള്‍ മാത്രമാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുക. എന്നാല്‍ അപ്പോഴേക്കും റഷ്യൻ സൈനികർ ഇവയുടെ സ്ഫോടന പരിധിയില്‍ അകപ്പെട്ടു കഴിഞ്ഞിരിക്കും.
മൂന്നാം അസോള്‍ട്ട് ബ്രിഗേഡിന്റെ കീഴിലുള്ള 'എൻസി13' യൂണിറ്റിന്റെ കണക്കുകള്‍ പ്രകാരം, ഈ റോബട്ടുകള്‍ ഇതുവരെ ആയിരത്തിലധികം യുക്രെയ്നിയൻ സൈനികരുടെ ജീവനാണ് രക്ഷിച്ചത്. മുൻപ് മനുഷ്യർ ജീവൻ പണയം വച്ച് ചെയ്തിരുന്ന മാരകമായ പല ദൗത്യങ്ങളും ഇന്ന് ഈ യന്ത്രമനുഷ്യർ ഏറ്റെടുക്കുന്നു. ഭാരമേറിയ ബ്രൗണിങ് മെഷീൻ ഗണ്ണുകള്‍ ഘടിപ്പിച്ച ടാങ്ക് ട്രാക്കുകളുള്ള ഭീകരന്മാരായ റോബട്ടുകള്‍ കാടുകളിലും കുറ്റിച്ചെടികളിലും ദിവസങ്ങളോളം ഒളിച്ചിരുന്ന് ശത്രുവിനെ വേട്ടയാടുന്നു. ഭക്ഷണമോ വെള്ളമോ ആവശ്യമില്ലാത്ത ഇവയ്ക്ക് നൂറുകണക്കിന് റൗണ്ട് വെടിവെച്ച ശേഷമേ ബേസിലേക്ക് മടങ്ങേണ്ടതുള്ളൂ. യുദ്ധമുഖത്ത് പെട്ടെന്ന് മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്ന ഈ മെഷീൻ ഗണ്‍ റോബട്ടുകളെ കണ്ട് റഷ്യൻ സൈനികർ ഭയന്ന് നിലവിളിച്ചുകൊണ്ട് നിലത്തുരുളുകയാണെന്ന് യുദ്ധരംഗത്തുനിന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തിന് മാത്രമല്ല, പരുക്കേറ്റവരെ രക്ഷിക്കാനും സൈനികർക്ക് ആവശ്യമായ ആഹാരവും ആയുധങ്ങളും എത്തിക്കാനും റോബട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജിപിഎസ് സിഗ്നലുകള്‍ റഷ്യ ജാം ചെയ്യുമ്പോള്‍ പോലും, പകല്‍ സമയത്ത് റെക്കോർഡ് ചെയ്ത ദൃശ്യങ്ങള്‍ സ്വയം പരിശോധിച്ച് കൃത്യമായ പാത കണ്ടെത്താൻ ശേഷിയുള്ള കൃത്രിമ ബുദ്ധിയാണ് ഈ യുക്രെയ്നിയൻ റോബട്ടുകള്‍ക്കുള്ളത്.
സാങ്കേതികവിദ്യ യുദ്ധത്തിന്റെ ഗതി നിർണയിക്കുമ്പോള്‍ യുദ്ധഭൂമിയിലെ ഹീറോകളുടെ നിർവചനവും മാറിയിരിക്കുകയാണ്. റഷ്യൻ ഡ്രോണ്‍ ആക്രമണങ്ങള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടപ്പോള്‍ സ്വന്തം ഐടി കഴിവുകള്‍ രാജ്യത്തിനായി സമർപ്പിച്ച ഗോര എന്ന 22 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഇന്ന് യുക്രെയ്ന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തികളിലൊന്ന്.
യന്ത്രങ്ങള്‍ യുദ്ധം നയിക്കുമ്പോഴും യുക്രെയ്നിയൻ സൈനികർ അനുഭവിക്കുന്ന കടുത്ത മനുഷ്യസഹജമായ ദുരിതങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ല. റഷ്യയുടെ വൻ സൈന്യത്തോട് പൊരുതാൻ ആവശ്യത്തിന് യുവാക്കളെ കിട്ടാതെ യുക്രെയ്ൻ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. 24-ാമത് മെക്കനൈസ്ഡ് ബ്രിഗേഡിലെ സൈനികരായ ‘ക്രോ’, ‘ക്രീപ്പി’ എന്നിവർ ഒരു വർഷത്തോളമാണ് ഒരു ഇടവേളയുമില്ലാതെ മുൻനിര ബങ്കറുകളില്‍ കഴിഞ്ഞുകൂടിയത്. റഷ്യൻ ഡ്രോണുകള്‍ നിരന്തരം ബോംബുകള്‍ വർഷിച്ചപ്പോള്‍ ജീവൻ നിലനിർത്താൻ മണ്‍ചാക്കുകള്‍ പോലും തികയാതെ വന്ന അവസ്ഥ അവർ ഓർക്കുന്നു. കുടുംബവുമായി സംസാരിക്കാൻ പോലും കഴിയാതെ റേഡിയോ സന്ദേശങ്ങളെ മാത്രം ആശ്രയിച്ചാണ് ഇവർ ജീവൻ നിലനിർത്തിയത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ ജിസിഎച്ച്‌ക്യു പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ യുദ്ധത്തില്‍ ഇതുവരെ റഷ്യക്ക് 5 ലക്ഷത്തോളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. മനുഷ്യശേഷിയില്‍ റഷ്യയേക്കാള്‍ വളരെ പിന്നിലാണെങ്കിലും, റോബട്ടിക്സ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ യുക്രെയ്ൻ യുദ്ധചരിത്രത്തില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

