Dailyhunt
യുവനടിയുടെ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതിയില്‍

യുവനടിയുടെ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതിയില്‍

Express Kerala 3 weeks ago

യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

നിലവില്‍ എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെതിരെ ശക്തമായ അന്വേഷണ നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രഞ്ജിത്ത് പൂർണ്ണമായും നിഷേധിച്ചിരുന്നു. പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് ജാമ്യഹർജിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ തന്റെ ആരോഗ്യപ്രശ്നങ്ങളും ജാമ്യം അനുവദിക്കാനുള്ള കാരണമായി അദ്ദേഹം കോടതിയെ അറിയിക്കും.

അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും സംഭവസ്ഥലമെന്ന് പറയപ്പെടുന്ന കാരവനിലും രഞ്ജിത്തിനെ എത്തിച്ച്‌ പോലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. ജനുവരി 30-ന് സിനിമ സെറ്റിലെ കാരവനില്‍ വെച്ച്‌ തന്നോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി. ഈ സംഭവസമയത്ത് ലൊക്കേഷനില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഡിസിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥർ.

സിനിമാ ലൊക്കേഷനിലെ അതിക്രമം സംബന്ധിച്ച പരാതി ഗൗരവകരമായ സാഹചര്യത്തില്‍ കോടതി നാളെ എടുക്കുന്ന തീരുമാനം ഏറെ നിർണ്ണായകമാണ്. ജാമ്യം ലഭിക്കുമോ അതോ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡി നീട്ടുമോ എന്നതിനെ ആശ്രയിച്ചിരിക്കും കേസിന്റെ തുടർന്നുള്ള ഗതി. സിനിമാ മേഖലയിലെ സുരക്ഷയെയും അന്തസ്സിനെയും ബാധിക്കുന്ന വിഷയം എന്ന നിലയില്‍ അതീവ ജാഗ്രതയോടെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala