ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് പോർച്ചുഗല്‍ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി.
കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളാണ് പോർച്ചുഗലിന് നാടകീയ വിജയം സമ്മാനിച്ചത്.
നേരത്തെ ഇവാൻ പെരിസിച്ചിന്റെ ഗോളില്‍ ക്രോയേഷ്യ മുന്നിലെത്തിയപ്പോള്‍, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് പോർച്ചുഗല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയതോടെ ഗോളുകളൊന്നും പിറന്നില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ തങ്ങളുടെ കൃത്യതയാർന്ന കളിശൈലിക്ക് ക്രോയേഷ്യ പ്രതിഫലം കണ്ടെത്തി. ജോസിപ് സ്റ്റാനിസിച്ചിന്റെ മനോഹരമായ പാസില്‍ നിന്ന് തകർപ്പൻ ഷോട്ടിലൂടെ പെരിസിച്ച് ക്രോയേഷ്യയെ മുന്നിലെത്തിച്ചു (1-0). ഗോള്‍ വഴങ്ങിയതോടെ റോബർട്ടോ മാർട്ടിനസിന്റെ പോർച്ചുഗല്‍ ആക്രമണം ശക്തമാക്കി.
66-ാം മിനിറ്റില്‍ ലഭിച്ച ഒരു വിഎആർ റിവ്യൂ പോർച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി സമ്മാനിച്ചു. കിക്ക് എടുത്ത നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒട്ടും പിഴച്ചില്ല. ഡൊമിനിക് ലിവകോവിച്ചിനെ കാഴ്ചക്കാരനാക്കി റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു (1-1).
മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവെ ഇഞ്ചുറി ടൈമില്‍ പോർച്ചുഗലിന്റെ വിജയഗോള്‍ പിറന്നു. റാഫേല്‍ ലിയാവോ ബോക്സിലേക്ക് നല്‍കിയ കൃത്യതയാർന്ന ക്രോസ് ഫാർ പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ഗോണ്‍സാലോ റാമോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ക്രോയേഷ്യൻ വലയിലാക്കുകയായിരുന്നു. ഈ ഗോളോടെ പോർച്ചുഗല്‍ ക്യാമ്പും ആരാധകരും ഒരുപോലെ ആവേശത്തിലാണ്ടു.
ഇഞ്ച്വറി ടൈമിന്റെ അവസാനം ക്രൊയേഷ്യ സമനില നേടി എങ്കിലും വിഎആർ ആ ഗോള്‍ ഒഫ്സൈഡ് വിളിച്ചു. പോർച്ചുഗല്‍ അടുത്ത റൗണ്ടില്‍ ഇനി സ്പെയിനെ ആകും നേരിടുക.

