കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെ.സി.എല്‍ ഫാൻ ലീഗിന്റെ കൊല്ലം ജില്ലാ മത്സരങ്ങളില്‍ ആഷസ് കൊട്ടാരക്കര ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.
ഫൈനലില്‍ 93 റാപ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആഷസ് കിരീടമണിഞ്ഞത്. വിജയികള്‍ക്ക് ആഷസ് കൊല്ലം സെയിലേഴ്സ് സിഇഒ ഡോ. എം പ്രഭിരാജ് ട്രോഫി സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത 93 റാപ്റ്റേഴ്സ് അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. 13 പന്തുകളില്‍ 25 റണ്‍സെടുത്ത സുജിത്തും പത്ത് പന്തുകളില്‍ 17 റണ്‍സെടുത്ത അനന്തുവുമാണ് റാപ്റ്റേഴ്സിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആഷസ് കൊട്ടാരക്കര 3.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 13 പന്തുകളില്‍ 28 റണ്‍സെടുത്ത രോഹിത്തും എട്ട് പന്തുകളില്‍ 16 റണ്‍സെടുത്ത ശ്രീക്കുട്ടനുമാണ് ആഷസിന് അനായാസ വിജയം ഒരുക്കിയത്.
ആഷസ് കൊട്ടാരക്കരയുടെ രോഹിതാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. ആഷസിന്റെ തന്നെ ശ്രീക്കുട്ടൻ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയതും ശ്രീക്കുട്ടനാണ്. ഓസ്ക ക്രിക്കറ്റ് ക്ലബ്ബിന്റെ അബിൻ പോപ്പ്സാണ് മികച്ച ബൗളർ.
കെ.സി.എല്‍ ഫാൻ ലീഗിലെ അവസാന ജില്ലാതല മത്സരങ്ങളാണ് കൊല്ലത്ത് അരങ്ങേറിയത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങള്‍ നേരത്തെ പൂർത്തിയായിരുന്നു. കെ.സി.എല്ലിലെ ആറ് ടീമുകള്‍ പ്രതിനിധീകരിക്കുന്ന ജില്ലകളിലായിരുന്നു ഫാൻ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

