സാന്റാ ക്ലാര: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് (3-1) തകർത്ത് ഓസ്ട്രിയ.
യുഎസിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാര്യങ്ങള്‍ ഓസ്ട്രിയക്ക് അത്ര എളുപ്പമായിരുന്നില്ല.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ തന്നെ റൊമാനോ മിഡിലൂടെ ഓസ്ട്രിയ ആദ്യ ലീഡ് നേടി (1-0). എന്നാല്‍ തങ്ങളുടെ കന്നി ലോകകപ്പ് കളിക്കുന്ന ജോർദാൻ കടുത്ത പോരാട്ടവീര്യമാണ് മൈതാനത്ത് പുറത്തെടുത്തത്. അതിന്റെ ഫലമായി 50-ാം മിനിറ്റില്‍ നൂർ അല്‍-റവാബ്ദെയുടെ പാസില്‍ നിന്നും അലി ഓള്‍വാൻ ലക്ഷ്യം കണ്ടതോടെ ജോർദാൻ മത്സരത്തില്‍ സമനില പിടിച്ചു (1-1).
തുടർന്ന് മത്സരം ആവേശകരമായി മുന്നേറുന്നതിനിടെ 76-ാം മിനിറ്റില്‍ കളി ഓസ്ട്രിയയ്ക്ക് അനുകൂലമായി മാറി. ഓസ്ട്രിയൻ മുന്നേറ്റം തടയുന്നതിനിടെ ജോർദാൻ പ്രതിരോധ താരം യാസൻ അല്‍-അറബിന്റെ പക്കല്‍ നിന്നുണ്ടായ സെല്‍ഫ് ഗോള്‍ ഓസ്ട്രിയയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു (2-1).
തുടർന്ന് കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇഞ്ചുറി ടൈമിന്റെ 11-ാം മിനിറ്റില്‍ (90+11') വിഎആർ (VAR) പരിശോധനയ്ക്കൊടുവില്‍ ഓസ്ട്രിയയ്ക്ക് അനുകൂലമായി റെഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് എടുത്ത മാർക്കോ അർനാട്ടോവിച്ച് പിഴവുകളൊന്നുമില്ലാതെ പന്ത് വലയിലെത്തിച്ചതോടെ ഓസ്ട്രിയ 3-1 ന്റെ ആധികാരിക വിജയം സ്വന്തമാക്കി. 46-ാം മിനിറ്റില്‍ സാസ കലാജ്ദിച്ചിന് പകരക്കാരനായാണ് അർനാട്ടോവിച്ച് കളത്തിലിറങ്ങിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് ജെ-യില്‍ അർജന്റീനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ഓസ്ട്രിയയ്ക്ക് സാധിച്ചു.

