പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ തുടർച്ചയായ മൂന്നാം വിജയവുമായി കേരളം. ഹിമാചല്‍പ്രദേശിനെ 14 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍പ്രദേശ് 20 ഓവറില്‍ 123 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ക്യാപ്റ്റൻ ആശ ശോഭനയാണ് കേരളത്തിന്റെ വിജയശില്‍പ്പി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ കിരണ്‍ നവ്‌ഗിരെയുടെയും നജ്‌ല സി.എം.സി.യുടെയും ഇന്നിങ്സുകള്‍ കേരളത്തിന് തുണയായി. കിരണ്‍ 20 റണ്‍സും നജ്‌ല 46 റണ്‍സും നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ ആശ ശോഭന 19-ഉം സജന സജീവൻ 17-ഉം റണ്‍സെടുത്തു. ഹിമാചല്‍പ്രദേശിനു വേണ്ടി ജ്യോതി ഥാക്കൂർ, നീന ചൗധരി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍പ്രദേശിനു വേണ്ടി 23 റണ്‍സെടുത്ത ക്യാപ്റ്റൻ ശിവാനി സിങ്ങും 21 റണ്‍സെടുത്ത മോണിക്ക ദേവിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ആശ ശോഭനയുടെ ബൗളിങ് മികവാണ് ഹിമാചല്‍ ബാറ്റിങ് നിരയെ തകർത്തത്. നിയ നസ്നീൻ, സജന സജീവൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

