(moviemax.in) അനുഗ്രഹ എസ്. നമ്പ്യാർക്കും സുഹൃത്ത് എ.ബി. ഷാരോണിനും വക്കീല്‍ നോട്ടീസ് അയച്ച് തമിഴ് നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ.
വിജയ് കുമാർ രാജേന്ദ്രന്റെയും ഭാര്യ നക്ഷത്രാ മൂർത്തിയുടെയും അഭിഭാഷകനാണ് ഇവർക്ക് നോട്ടീസ് നല്‍കിയത്.
വിജയ്‌ക്കും നക്ഷത്രയ്‌ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പിൻവലിച്ച് മാപ്പുപറയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നും ഇത് വ്യക്തിഹത്യയാണെന്നും വിജയ് കുമാർ ആരോപിക്കുന്നു. എന്നാല്‍, വക്കീല്‍ നോട്ടീസിനോട് നടി അനുഗ്രഹ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യൂട്യൂബ്, ഇൻസ്റ്റഗ്രാം, മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി വ്യാജവും അടിസ്ഥാനമില്ലാത്തതും അപകീർത്തികരവുമായ പ്രസ്താവനകള്‍ പ്രചരിപ്പിച്ചുവെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. അനുഗ്രഹയുടെ ആരോപണങ്ങള്‍ ഇരുവരുടേയും പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അനുഗ്രഹയുമായി വിജയ്‌യ്ക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. മറിച്ചുള്ള അവകാശവാദങ്ങള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും നോട്ടീസില്‍ പറയുന്നു.
ഇരുവരുടേയും അപകീർത്തികരമായ പ്രവൃത്തികളെത്തുടർന്ന് ദമ്പതികള്‍ക്ക് മാനസികവേദനയും അപമാനവും സമൂഹത്തില്‍ ചീത്തപ്പേരും ജോലിയില്‍ നഷ്ടങ്ങളുമുണ്ടായി. ഇക്കാരണങ്ങളാല്‍ വിജയ്‌യും നക്ഷത്രയും അനുഗ്രഹയ്ക്കും സുഹൃത്തിനുമെതിരേ സിവിലായും ക്രിമിനലായും നിയമനടപടികളുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചിരിക്കുന്നു. അപകീർത്തി പരാമർശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. എല്ലാ മാധ്യമങ്ങളില്‍നിന്നും പ്രസ്താവനകള്‍ നീക്കം ചെയ്യണം. 48 മണിക്കൂറിനുള്ളില്‍ പരസ്യമായി മാപ്പുപറയണം. ഇല്ലെങ്കില്‍ നിയമടപടികളുമായി മുന്നോട്ടുപോവുമെന്നും നോട്ടീസില്‍ അറിയിച്ചു.
ജിയോഹോട്സ്റ്റാറില്‍ പുറത്തിറങ്ങിയ 'റിസോർട്ട്' വെബ് സീരീസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉടലെടുത്തത്. പരമ്പരയുടെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാർ രാജേന്ദ്രനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബല്‍ വില്ലേജേഴ്സിനുമെതിരേയാണ് അനുഗ്രഹ ആരോപണവുമായെത്തിയത്.
ഒരു വർഷത്തെ കരാറില്‍ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെന്ന് അനുഗ്രഹ ആരോപിച്ചു. അവസരങ്ങള്‍ തടയാൻ കരാർ ചൂണ്ടിക്കാട്ടിയ നിർമാതാക്കള്‍, അതുപ്രകാരമുള്ള പ്രതിഫലം നല്‍കിയില്ലെന്നും ആരോപിച്ചു. പരമ്പരയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയെന്നും നടി വെളിപ്പെടുത്തി. തന്റെ ആരോഗ്യവിവരം അറിയിക്കാൻ വിളിച്ച സുഹൃത്തിനോട് മോശമായി സംസാരിച്ചുവെന്നും അവർ ആരോപിച്ചു. ഇതിന് മറുപടിയുമായി വിജയ്‌യും നക്ഷത്രയും പരസ്യമായി രംഗത്തെത്തിയിരുന്നു.
Tamil actor to withdraw allegations and apologize within 48 hours; Legal action against Malayali actress

