#Latest News#Abdul Raheem#Saudi Jail#Release#Kozhikode Native
(gcc.truevisionnews.com) സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു.
റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കേസ് നടപടികള്‍ വൈകുന്നതില്‍ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്ന് സഹായ സമിതി വ്യക്തമാക്കി.
വർഷങ്ങള്‍ പഴക്കമുള്ള കേസായതിനാല്‍ നിയമപരമായ ചില സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ സൗദിയില്‍ പെരുന്നാള്‍ അവധിയാണെങ്കിലും പ്രധാന വകുപ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. വരുന്ന ഞായറാഴ്ചയോടെ ബാക്കി നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയില്‍ മോചനത്തിന് ശേഷമായിരിക്കും എമർജൻസി സർട്ടിഫിക്കറ്റില്‍ എക്സിറ്റ് വിസ ലഭ്യമാക്കുക. ഇതിനായി ഇന്ത്യൻ എംബസിയും അഭിഭാഷകരും നിരന്തരം ശ്രമിച്ചുവരികയാണെന്നും റിയാദ് സഹായ സമിതി വാർത്താക്കുറിപ്പില്‍ അറിയിച്ചു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു .
5 മില്യണ്‍ റിയാല്‍ അഥവാ 34 കോടിയോളം രൂപ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു.
Content Highlights:- Abdul Rahim Release Legal Aid Committee Says Proceedings Are Progressing Quickly
#Latest News#Abdul Raheem#Saudi Jail#Release#Kozhikode Native
