Dailyhunt
അമിത ശബ്ദവും അശ്രദ്ധമായ ഡ്രൈവിംഗും ഇനി നടപ്പില്ല; 33,000-ത്തിലധികം പേര്‍ക്ക് പിഴ ചുമത്തി ദുബൈ പൊലീസ്!

അമിത ശബ്ദവും അശ്രദ്ധമായ ഡ്രൈവിംഗും ഇനി നടപ്പില്ല; 33,000-ത്തിലധികം പേര്‍ക്ക് പിഴ ചുമത്തി ദുബൈ പൊലീസ്!

GCC News 1 week ago

ദുബൈ: (gcc.truevisionnews.com)നഗരത്തിലെ റോഡുകളില്‍ അശ്രദ്ധമായും അമിത ശബ്ദമുണ്ടാക്കിയും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലീസ്.

താമസക്കാരുടെ സമാധാനജീവിതത്തിന് തടസ്സം നില്‍ക്കുന്ന ഡ്രൈവർമാരെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'ശാന്തമായ റോഡുകള്‍' എന്ന പ്രത്യേക ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.

നിയമലംഘനം നടത്തിയ 1,230 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും മുപ്പതിനായിരത്തിലധികം ആളുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. നഗരത്തിലെ ശബ്ദമലിനീകരണം കുറയ്ക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ജനറല്‍ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

വാഹനങ്ങളില്‍ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തുന്നതും ജനവാസ മേഖലകളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നതും അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് പരിശോധന കർശനമാക്കിയത്.

പിടിച്ചെടുത്ത വാഹനങ്ങളില്‍ ഭൂരിഭാഗവും അനധികൃതമായി രൂപമാറ്റം വരുത്തിയവയാണ്. കൂടാതെ ഹോണുകളും സൗണ്ട് സിസ്റ്റങ്ങളും ദുരുപയോഗം ചെയ്തതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോട്ടോർ സൈക്കിളുകളും ഇലക്‌ട്രിക് ബൈക്കുകളും ഉള്‍പ്പെട്ട മുപ്പതിനായിരത്തോളം നിയമലംഘനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയത്.

പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളും പ്രത്യേക ഹോട്ട്‌സ്‌പോട്ടുകളെ കേന്ദ്രീകരിച്ചു നടത്തിയ നിരീക്ഷണങ്ങളും നിയമലംഘകരെ പിടികൂടാൻ പൊലീസിനെ സഹായിച്ചു. സമൂഹത്തിന്റെ ക്ഷേമത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇനി അങ്ങോട്ടും ഉണ്ടാകുകയെന്ന് ജനറല്‍ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ വ്യക്തമാക്കി.

സുരക്ഷിതവും ശാന്തവുമായ ഒരു യാത്രാസംസ്കാരം വളർത്തിയെടുക്കുകയാണ് ഈ നീക്കത്തിലൂടെ ദുബൈ പൊലീസ് ലക്ഷ്യമിടുന്നത്.

Dubai Police fines more than 33,000 people

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News