ഷാർജ: (gcc.truevisionnews.com) ഷാർജയില്‍ ബുധനാഴ്ചയുണ്ടായ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് 12 വയസ്സുകാരൻ മുങ്ങിമരിച്ചു.
ഷാർജ പൊലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏപ്രില്‍ 1-ന് വൈകുന്നേരം 7.05-ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചത്. ഉടൻ തന്നെ പ്രത്യേക സംഘങ്ങളും ആംബുലൻസും സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ നീന്തുന്നതിനെതിരെ ഷാർജ പൊലീസ് മുന്നറിയിപ്പ് നല്‍കുകയും കുട്ടികളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സ്ഥലങ്ങളില്‍ ഇറങ്ങുന്നതോ നീന്തുന്നതോ കുട്ടികളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് അധികൃതർ മാതാപിതാക്കളെ ഓർമിപ്പിച്ചു.
കുട്ടികള്‍ എവിടെയാണെന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. മഴവെള്ളക്കെട്ടുകള്‍ക്ക് എല്ലായിടത്തും ഒരേ ആഴമായിരിക്കില്ല. അപകടസാധ്യത മുൻകൂട്ടി കാണാൻ പ്രയാസമാണ് എന്നതും അപകടങ്ങള്‍ വർദ്ധിപ്പിക്കുന്നു. അപ്രതീക്ഷിതമായ തെന്നിവീഴ്ചകള്‍ക്കും ഇളകിക്കിടക്കുന്ന ചെളിയില്‍ താഴുന്നതിനും ഇത് കാരണമായേക്കാം. അധികൃതർ അറിയിച്ചു.
കുട്ടിയുടെ വേർപാടില്‍ ഷാർജ പൊലീസ് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. കുട്ടികളെ കൃത്യമായി നിരീക്ഷിക്കേണ്ടതിന്റേയും നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ നീന്താൻ പോകുന്നതിലെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കേണ്ടതിന്റേയും പ്രാധാന്യം പൊലീസ് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുവായ വിവരങ്ങള്‍ക്കും അടിയന്തരമല്ലാത്ത കാര്യങ്ങള്‍ക്കുമായി 901 എന്ന നമ്പരിലും അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പരിലും റിപ്പോർട്ട് ചെയ്യാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
12 year old drowns after falling into a waterhole in Sharjah during heavy rain

