#Latest News#Indian Rupee#Gulf Exchange Rate#Omani Rial#NRI Remittance#Kerala NRIs
മസ്കത്ത്: (gcc.truevisionnews.com) ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ക്ക് നേട്ടം.
ഒമാനി റിയാലിന് പുറമെ, യു.എ.ഇ ദിർഹം, സൗദി റിയാല്‍, ബഹ്റൈൻ ദീനാർ, കുവൈത്ത് ദീനാർ, ഖത്തർ റിയാല്‍ എന്നിവയുടെയും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി.
അന്താരാഷ്ട്ര മാർക്കറ്റില്‍ ഡോളറിനെ ആശ്രയിച്ചാണ് ഗള്‍ഫ് കറൻസികള്‍ നിലനില്‍ക്കുന്നത് എന്നതിനാല്‍ ഡോളറിനുണ്ടാവുന്ന നേട്ടം ഗള്‍ഫ് കറൻസികളുടെ വിനിമയത്തെയും ഗുണകരമായി ബാധിക്കും. ഒരു ഒമാനി റിയാലിന് 250.60 രൂപയാണ് ബുധനാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകള്‍ നല്‍കുന്ന ഏകീകൃത നിരക്ക്.
ബാങ്കുകളുടെയും മറ്റും സർവിസ് ചാർജുകളും മറ്റും ഈ തുകയില്‍ നേരിയ മാറ്റം വരുത്തിയേക്കാം. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് ഓണക്കാലം കണക്കാക്കി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമാവും. കഴിഞ്ഞ മേയ് 20ന് 251 രൂപക്ക് മുകളില്‍ വിനിമയ നിരക്കുയർന്നിരുന്നു.
ഹുർമുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകളുടെ യാത്രാ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ബുധനാഴ്ച കുതിച്ചു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 96.57 ലെത്തി. ഇന്ത്യൻ ഓഹരി വിപണിയില്‍നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റവും കുടിയായതോടെയാണ് രൂപയുടെ മൂല്യം താഴ്ന്നത്. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴേ രൂപ സമ്മർദത്തിലായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് അമേരിക്കൻ ഡോളർ 94ന് മുകളിലേക്കുയർന്നു.
ഈ വർഷം ഇതുവരെ 7.50 ശതമാനത്തോളം മൂല്യശോഷണമാണ് രൂപക്ക് സംഭവിച്ചത്. രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യയില്‍ വിലക്കയറ്റത്തിന് വഴിവെക്കും. പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഫോറക്സ് മാർക്കറ്റില്‍ ഭാരതീയ റിസർവ് ബാങ്കിന്റെ ഇടപെടല്‍ ശക്തമാവുന്നില്ലെന്നതും കണക്കിലെടുത്താല്‍, രൂപയുടെ ചാഞ്ചാട്ടം തുടരുമെന്ന് സാമ്പത്തിക വിദഗ്ദനായ അഡ്വ. മധുസൂദനനൻ അഭിപ്രായപ്പെട്ടു.
Content Highlight: Indian Rupee Falls Again: Good News for Gulf NRIs, Omani Rial at 250.60
#Latest News#Indian Rupee#Gulf Exchange Rate#Omani Rial#NRI Remittance#Kerala NRIs

