ദുബൈ: (gcc.truevisionnews.com)ദുബൈയിലെ പ്രമുഖ സുഗന്ധദ്രവ്യ വ്യാപാരിയെ കബളിപ്പിച്ച് 12 ദശലക്ഷം ദിർഹം (ഏകദേശം 27 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന അപൂർവ്വ ലക്ഷ്വറി ഊദ് കവർന്ന എട്ടംഗ തട്ടിപ്പ് സംഘത്തെ ദുബൈ പൊലീസ് അതിവേഗം പിടികൂടി.
രാജകുമാരിയായി വ്യാജ വേഷമണിഞ്ഞ് തട്ടിപ്പിന് നേതൃത്വം നല്‍കിയ സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തിലെ മുഴുവൻ പ്രതികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് കൃത്യം 12 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് സംഘം പ്രതികളെ വലയിലാക്കുകയായിരുന്നു.
ഏറെ ആസൂത്രിതമായാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഘത്തിലെ രണ്ടുപേർ ആദ്യം വ്യാപാരിയുടെ കടയിലെത്തി, ദുബൈ സന്ദർശിക്കുന്ന ഒരു പ്രമുഖ രാജകുമാരിക്ക് ആവശ്യങ്ങള്‍ക്കായി വളരെ അപൂർവ്വമായ ലക്ഷ്വറി ഊദ് വാങ്ങാൻ താല്പര്യമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
ഇതനുസരിച്ച് കോടികള്‍ വിലമതിക്കുന്ന വലിയ ഊദ് ശേഖരം വ്യാപാരി ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കി ഇവരെ വിവരമറിയിച്ചു. തുടർന്ന് രാജകുമാരിയെ കാണാനായി വ്യാപാരിയെ ഇവർ വാടകയ്‌ക്കെടുത്ത ഒരു ആഡംബര വില്ലയിലേക്ക് ക്ഷണിക്കുകയായിരുന്നു.
വലിയ ബാഗുകളിലായാണ് വ്യാപാരി ഊദ് വില്ലയിലെത്തിച്ചത്. അവിടെ വെച്ച് വ്യാപാരിയുടെ കണ്ണ് വെട്ടിച്ച് ബാഗിലിരുന്ന യഥാർഥ ഊദ് മുഴുവൻ രഹസ്യമായി മാറ്റിയ സംഘം, പകരം സാധാരണ വിറകുകഷണങ്ങള്‍ ബാഗില്‍ നിറച്ചു.
തുടർന്ന് സാമ്പത്തിക ഇടപാടുകള്‍ അടുത്ത ദിവസം പൂർത്തിയാക്കാമെന്ന് പറഞ്ഞ് ബാഗുകള്‍ തിരികെ നല്‍കി തട്ടിപ്പുകാർ വ്യാപാരിയെ മടക്കി അയക്കുകയായിരുന്നു. പിറ്റേന്ന് വ്യാപാരി ഇവരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇതോടെ സംശയം തോന്നി ബാഗ് തുറന്നു നോക്കിയപ്പോഴാണ് കോടികളുടെ വിലപിടിപ്പുള്ള ഊദിന് പകരം സാധാരണ വിറകുകഷ്ണങ്ങളാണെന്ന് വ്യാപാരി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ സുശക്തമായ തെരച്ചിലിനൊടുവിലാണ് ഒളിവിലായിരുന്ന എട്ടംഗ സംഘത്തെ ദുബൈ പൊലീസ് മണിക്കൂറുകള്‍ക്കകം പൊക്കിയത്.
Content Highlight: Eight-member international fraud gang arrested for defrauding millions of dollars in Dubai
#Latest News#Dubai#Ood was robbed

