കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായിരുന്ന അഖില്‍ മാരാരുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ട്വന്റി 20. താൻ പാർട്ടിയില്‍ തുടരണമെങ്കില്‍ തനിക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകണമെന്നും ഇല്ലെങ്കില്‍ തനിക്ക് നഷ്ടം മാത്രമേയുള്ളൂ എന്നുമാണ് അഖില്‍ പറയുന്നതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സന്ദേശമാണ് ട്വന്റി 20 തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്.
നേരത്തെ ട്വന്റി 20 കണ്‍വീനർ സാബു എം. ജേക്കബ് തന്നെ വഞ്ചിച്ചെന്നും പണത്തിന് വേണ്ടിയാണ് സാബു പ്രവർത്തിക്കുന്നതെന്നും അഖില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം പാർട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ട്വന്റി 20ക്ക് എതിരെ അഖില്‍ വിമർശനം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഈ ഫോണ്‍ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
''രാഷ്ട്രീയ പാർട്ടിയില്‍ തുടരണമെങ്കില്‍ കൃത്യമായ അക്കൊമഡേഷൻ ഉണ്ടാകണം. ഇത് ഞാൻ തുറന്നു പറയുകയാണ്. അത് സാമ്പത്തികമായിട്ട് ആണെങ്കില്‍ അങ്ങനെ. കാരണം നമുക്ക് ജീവിക്കണം. ഞാന്‍ അങ്ങനെ ജീവിച്ചു വന്നയാളാണ്. കോണ്‍ഗ്രസും ബിജെപിയും ദേശീയ പാർട്ടികളാണ്. അതിന്റേതായ വിലയുണ്ട്. ട്വന്റി 20ക്ക് അതില്ല. അതല്ല എങ്കില്‍ കേന്ദ്രത്തിന്റെ ഏതെങ്കിലും ബോർഡ് ചോദിച്ചു വാങ്ങണം. കാരണം ഇതില്‍ വന്നിട്ട് നഷ്ടങ്ങള്‍ മാത്രമേയുള്ളൂ. '' കൊട്ടാരക്കരയില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പാർട്ടിയിലേക്ക് വന്നതെന്നും അഖില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സംഭാഷണം ആരോടാണ് നടത്തിയത് എന്നോ ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്നോ ട്വന്റി 20 വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ഇതിന് മറുപടിയുമായി അഖിലിന്റെ പോസ്റ്റുമുണ്ട്. പാർട്ടിയില്‍ തുടർന്ന് മുന്നോട്ട് പോകാൻ ബോർഡൊ, കോര്പറേഷനോ നമ്മള്‍ ബിജെപിയോട് ചോദിക്കണം എന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് അഖില്‍ ചോദിക്കുന്നു.

