മുംബൈ: കരിയറിന്റെ തുടക്കകാലത്ത് 15,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്.
മുംബൈയ്ക്കായി അണ്ടർ 15 ടീമില്‍ കളിച്ചിരുന്ന കാലത്ത് കിട്ടിയ വരുമാനം മുഴുവൻ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ ഉപയോഗിച്ചതായും ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാർ യാദവ് വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ സൂര്യകുമാർ യാദവ്, സീനിയർ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ബാറ്റിംഗില്‍ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായത്.
''ആദ്യമായി അണ്ടർ 15 ടീമില്‍ കളിച്ചപ്പോള്‍ 15,000 രൂപയാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്. ഒരു പരമ്പരയ്ക്ക് മുഴുവനായുള്ള തുകയാണിത്. പക്ഷേ ഇത്രയും രൂപ എനിക്ക് ചെലവാക്കേണ്ടതുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് ബാറ്റ് സ്പോണ്‍സറൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ക്രിക്കറ്റിന് വേണ്ടിയുള്ള ബാറ്റും കിറ്റുമൊക്കെ വാങ്ങാൻ ഞാൻ ആ തുക ഉപയോഗിച്ചു''- സൂര്യകുമാർ യാദവ് വ്യക്തമാക്കി. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിന പരിശീലനത്തിലാണ് താനെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
'എന്നെക്കൊണ്ട് സാധിക്കുന്ന എല്ലാ രീതിയിലും ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ശരിയായി വന്നാല്‍ ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കും''- സൂര്യ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്തി സൂര്യകുമാർ യാദവ് ദേശീയ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ബിസിസിഐയുടെ നിലപാട്. ''ഇന്ത്യൻ ടീമിനൊപ്പം ഒന്നോ രണ്ടാ വർഷങ്ങള്‍ കളിച്ചപ്പോള്‍ സമ്മർദ്ദഘട്ടങ്ങളിലും കാര്യങ്ങള്‍ ഞാൻ ഉദ്ദേശിച്ചപോലെ നടക്കാത്തപ്പോഴുമെല്ലാം ഞാൻ ചിരിച്ചുകൊണ്ടാണ് നേരിട്ടത്. എനിക്ക് ലഭിച്ച അവസരങ്ങളില്‍ തീർച്ചയായും നന്ദിയുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സത്യത്തില്‍ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. 2026-ന് ശേഷം രണ്ടു വർഷം കൂടി ട്വന്റി20 ടീമിനെ നയിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതിയത്.''
''ഒളിംപിക്സ് വരുന്നുണ്ട്. അതിനുശേഷം ട്വന്റി20 ലോകകപ്പും വരുന്നുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നതും മറ്റൊരാള്‍ ചിന്തിക്കുന്നതും ഒരുപക്ഷേ രണ്ടു വ്യത്യസ്ത കാര്യങ്ങളായിരിക്കാം. മുന്നോട്ടുപോകുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നുന്നതുകൊണ്ടാണ് അവർ അത് തീരുമാനിച്ചത്. പക്ഷേ ഞാൻ പ്രതികരിക്കാൻ നിന്നിട്ടില്ല. കാരണം ഇത് അവരുടെ തീരുമാനമാണ്. മറ്റാരുടെയെങ്കിലും കീഴില്‍ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് അവർ കരുതുന്നതെങ്കില്‍ എനിക്ക് അതില്‍ ഒരു കുഴപ്പവുമില്ല''- സൂര്യകുമാർ യാദവ് പ്രതികരിച്ചു.

