Dailyhunt
'അടിച്ച്‌ നിന്‍റെ കരണക്കുറ്റി പൊളിക്കും'; വോട്ടിന് പണം കൊടുത്തത് ചോദ്യം ചെയ്തതില്‍ ശോഭാ സുരേന്ദ്രന്‍റെ ഭീഷണി

'അടിച്ച്‌ നിന്‍റെ കരണക്കുറ്റി പൊളിക്കും'; വോട്ടിന് പണം കൊടുത്തത് ചോദ്യം ചെയ്തതില്‍ ശോഭാ സുരേന്ദ്രന്‍റെ ഭീഷണി

Hashtag Online 5 days ago

പാലക്കാട് തിരുവക്കുറിശ്ശിയില്‍ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നല്‍കിയത് ചോദ്യം ചെയ്തവരെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

പണം നല്‍കിയ ശേഷം ശോഭ സഞ്ചരിച്ച കാറില്‍ ഒരു ബിജെപി പ്രവർത്തക കയറുന്നത് കണ്ട് പിന്നാലെ എത്തിയവരാണ് വിവരം തിരക്കിയത്. ചില വീടുകളില്‍ പണം നല്‍കുന്നത് കണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, അത് ഈ പ്രവർത്തകയുടെ വല്യമ്മയാണെന്നായിരുന്നു ശോഭയുടെ മറുപടി.

കൂടുതല്‍ വിലസേണ്ട എന്ന് ശോഭ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ ഭാഷ മനസ്സിലാകുന്നില്ലെന്ന് വീഡിയോ പകർത്തിയ ആള്‍ പറഞ്ഞതോടെ ശോഭ കാറില്‍ നിന്നിറങ്ങുകയും അനുവാദമില്ലാതെ വീഡിയോ എടുത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പകർത്താൻ കൂടെയുള്ളവരോട് ശോഭ ആവശ്യപ്പെട്ടു.

തങ്ങളുടെ വാർഡാണിതെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞപ്പോള്‍, അതിനെന്താണെന്ന് ചോദിച്ച ശോഭ അവരുടെ ഫോണ്‍ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തെളിവ് ശേഖരിക്കുകയാണെന്ന് പറഞ്ഞവരോട് 'നിങ്ങളുടെ തേങ്ങയിലെ എവിഡൻസ്' എന്ന് പറഞ്ഞ് ശോഭ സ്വന്തം ഫോണില്‍ വീഡിയോ എടുത്തു. തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ നീ ആരാണെന്നും അടിച്ച്‌ കരണക്കുറ്റി പൊളിക്കുമെന്നും ശോഭ ക്ഷുഭിതയായി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കണ്ണാടി തിരുവക്കുറിശ്ശിയില്‍ ബിജെപി വോട്ടിനായി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവർത്തകരാണ് പുറത്തുവിട്ടത്.

സംഭവം വിവാദമായതോടെ പണം ലഭിച്ചുവെന്ന് കരുതുന്ന വയോധികയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തി പരിശോധന നടത്തി. ആദ്യം പണം കിട്ടിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ വയോധിക, പിന്നീട് കുടുംബാംഗങ്ങള്‍ ഇടപെട്ടതോടെ അത് പെൻഷൻ പണമാണെന്ന് തിരുത്തിപ്പറഞ്ഞു. തുടർന്ന് ഇവരെ കുടുംബാംഗങ്ങള്‍ നിർബന്ധപൂർവ്വം വീടിനുള്ളിലേക്ക് കൊണ്ടുപോയി. ബിജെപി സ്ഥാനാർത്ഥിയും സംഘവും വോട്ടർമാരെ സ്വാധീനിക്കാൻ പണം നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online