താരസംഘടനയായ 'അമ്മ'യില്‍ തർക്കങ്ങളും പ്രതിസന്ധികളും കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പുതിയ പൊട്ടിത്തെറി .
ഭരണസമിതി അംഗങ്ങളായിരുന്ന നടൻ കൈലാഷും സംഘടനയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഔദ്യോഗികമായി രാജിക്കത്ത് നല്‍കി. സംഘടനയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഇരുവരും രാജി സന്ദേശം അയച്ചത്. നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും, സംഘടനയ്ക്കുള്ളില്‍ അഡ്ഹോക്ക് സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം മുറുകിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇരുവരും രാജിയില്‍ ഉറച്ചുനിന്ന് ഔദ്യോഗികമായി കത്ത് നല്‍കിയിരിക്കുന്നത്.
അതിനിടെ താൻ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചിട്ടില്ലെന്നും കേവലം രാജി പ്രഖ്യാപനം മാത്രമാണ് ഉണ്ടായതെന്നും ശ്വേത വ്യക്തമാക്കി. താൻ ഉള്‍പ്പെടുന്ന ഭരണസമിതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് 'അമ്മ പ്രസിഡന്റ്' എന്ന് എഴുതിക്കൊണ്ടാണ് ശ്വേത ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. 'അമ്മ'യെ ആരും ഭയപ്പെടുത്താനോ തകർക്കാനോ അനുവദിക്കില്ലെന്നും ശ്വേത തന്റെ പോസ്റ്റിലൂടെ പൊതുസമൂഹത്തോട് വ്യക്തമാക്കി.
രാവിലെ ചേർന്ന 'അമ്മ'യുടെ അഡ്ഹോക്ക് സമിതി യോഗത്തോടെയാണ് തർക്കങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നത്. സംഘടനയുടെ നിലവിലെ ബൈലാ പ്രകാരം ഇത്തരമൊരു അഡ്ഹോക്ക് സമിതിക്ക് നിയമസാധുതയില്ലെന്നും സമിതി കൂടാൻ കഴിയില്ലെന്നും അംഗങ്ങളില്‍ പലരും യോഗത്തില്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, അഡ്ഹോക്ക് സമിതിക്ക് നിയമസാധുതയില്ലെന്ന ആരോപണങ്ങള്‍ ഉയരുമ്പോഴും സംഘടനയുടെ ജനറല്‍ ബോഡിയാണ് എല്ലാ കാര്യങ്ങളിലും അവസാന വാക്കെന്നാണ് കെ.ബി. ഗണേഷ് കുമാർ ഉള്‍പ്പെടെയുള്ളവർ വ്യക്തമാക്കിയത്.
രാജി പ്രഖ്യാപിച്ച ശേഷം ശ്വേതാ മേനോൻ നിലപാട് മാറ്റിയത് പൊതുസമൂഹത്തോടുള്ള വഞ്ചനയാണെന്ന തരത്തില്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ വിമർശനങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്ന നിലപാടിലാണ് ശ്വേത. ശ്വേത സംഘടനയുടെ പ്രസിഡന്റായി തുടരുന്നു എന്ന പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ്, നേരത്തെ പ്രഖ്യാപിച്ച രാജിയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് വ്യക്തമാക്കി കൈലാഷും ജയൻ ചേർത്തലയും ഔദ്യോഗികമായി ഇമെയില്‍ വഴി രാജി സമർപ്പിച്ചത്.

