Dailyhunt
അവസാന പന്തുവരെ ചങ്കിടിപ്പ്; ഒരു റണ്ണിന് ഡല്‍ഹിയെ എറിഞ്ഞിട്ട് ഗുജറാത്ത്, അവിശ്വസനീയമായ ജയം

അവസാന പന്തുവരെ ചങ്കിടിപ്പ്; ഒരു റണ്ണിന് ഡല്‍ഹിയെ എറിഞ്ഞിട്ട് ഗുജറാത്ത്, അവിശ്വസനീയമായ ജയം

Hashtag Online 1 week ago

പിഎല്‍ 2026 സീസണില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഒരു റണ്ണിന്റെ ആവേശ വിജയം.

അവസാന പന്തുവരെ നീണ്ട നാടകീയതയ്ക്കും വൈഡിനെച്ചൊല്ലിയുള്ള തർക്കങ്ങള്‍ക്കുമൊടുവിലാണ് ഗുജറാത്ത് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 211 റണ്‍സ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ഗുജറാത്ത് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍, സീസണില്‍ മികച്ച ഫോമിലായിരുന്ന ഡല്‍ഹിയുടെ ആദ്യ പരാജയമാണിത്.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണർ കെ.എല്‍. രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയത്. 52 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത രാഹുലും 41 റണ്‍സ് വീതം നേടിയ പതും നിസംഗയും ഡേവിഡ് മില്ലറും ഡല്‍ഹിക്കായി പൊരുതി. ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍-നിസംഗ സഖ്യം 76 റണ്‍സ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും ഒൻപതാം ഓവറില്‍ നിസംഗയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. പിന്നാലെ വന്ന മധ്യനിര ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. നിതീഷ് റാണ, സമീർ റിസ്‍വി, അക്ഷർ പട്ടേല്‍, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർക്ക് തിളങ്ങാനായില്ല. മികച്ച രീതിയില്‍ കളിച്ചിരുന്ന രാഹുലിനെ മുഹമ്മദ് സിറാജ് മടക്കിയതോടെ ഡല്‍ഹി സമ്മർദ്ദത്തിലായി.

അവസാന രണ്ട് ഓവറില്‍ 36 റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന ഘട്ടത്തില്‍ ഡേവിഡ് മില്ലറും വിപ്രജ് നിഗവും ചേർന്ന് പോരാട്ടം കടുപ്പിച്ചു. സിറാജ് എറിഞ്ഞ 19-ാം ഓവറില്‍ 23 റണ്‍സ് പിറന്നതോടെ ലക്ഷ്യം ആറ് പന്തില്‍ 13 റണ്‍സായി കുറഞ്ഞു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ നിഗം ഫോർ അടിച്ചെങ്കിലും അടുത്ത പന്തില്‍ താരം പുറത്തായി. പിന്നീട് കുല്‍ദീപ് യാദവ് സിംഗിളെടുത്തു മില്ലർക്ക് സ്ട്രൈക്ക് നല്‍കി. നാലാം പന്തില്‍ മില്ലർ സിക്സർ അടിച്ചതോടെ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലായി കളി. എന്നാല്‍ അഞ്ചാം പന്ത് ഡോട്ട് ബോളായതും അവസാന പന്തില്‍ കുല്‍ദീപ് റണ്‍ഔട്ടായതും ഡല്‍ഹിക്ക് വിനയായി. അവസാന പന്തില്‍ വൈഡ് അനുവദിക്കാത്തതിനെ ചൊല്ലിയുള്ള റിവ്യൂവും ഡല്‍ഹിക്ക് അനുകൂലമാകാത്തതോടെ ഗുജറാത്ത് വിജയം ഉറപ്പിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും അർധ സെഞ്ചറികള്‍ നേടിയ വാഷിങ്ടൻ സുന്ദർ, ജോസ് ബട്‌ലർ എന്നിവരുടെയും കരുത്തിലാണ് 210 റണ്‍സെടുത്തത്. 45 പന്തില്‍ പുറത്താകാതെ 70 റണ്‍സെടുത്ത ഗില്ലാണ് ഗുജറാത്തിന്റെ സ്കോറിന് അടിത്തറയിട്ടത്. സായ് സുദർശനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും പവർപ്ലേയില്‍ ഗില്ലും ബട്‌ലറും ചേർന്ന് സ്കോർ ഉയർത്തി. മധ്യ ഓവറുകളില്‍ വാഷിങ്ടൻ സുന്ദറും തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ്, ലുങ്കി എൻഗിഡി, മുകേഷ് കുമാർ എന്നിവർ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും വലിയ സ്കോർ തടയാനായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online