പുതിയ ചിത്രത്തിനായി ശരീരഭാരം കൂട്ടിയതിന് പിന്നാലെ ഗംഭീര മേക്കോവറുമായി നടി നിമിഷ സജയൻ. സിനിമയ്ക്കായി ഭാരം കൂട്ടിയപ്പോഴുള്ളതും പിന്നീട് അത് കുറച്ചപ്പോഴുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് 72 കിലോയില്‍ നിന്ന് ശരീരഭാരം കുറച്ചതിന്റെ കഥ താരം കുറിച്ചത്.
ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് താരം പറയുന്നു. ഈ പ്രയാണത്തില്‍ തന്നെ സഹായിച്ച പരിശീലകന് നിമിഷ നന്ദി അറിയിച്ചു. പുതിയ കഥാപാത്രത്തിനായി ഏകദേശം 14 കിലോയാണ് താരം കൂട്ടിയത്. ആദ്യ ദിവസങ്ങള്‍ വളരെ കഠിനമായിരുന്നുവെന്നും കൃത്യമായ ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സ്, കടുത്ത ക്ഷീണം, നിരാശ തുടങ്ങി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തോന്നിയ നിരവധി നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായെന്നും താരം വെളിപ്പെടുത്തി.
ഈ യാത്രയിലുടനീളം തനിക്ക് ഏറ്റവും വലിയ താങ്ങായിരുന്നത് പരിശീലകനായിരുന്നുവെന്നും സമ്മർദ്ദം കൂടിയപ്പോഴൊക്കെ അദ്ദേഹമാണ് മുന്നോട്ട് നയിച്ചതെന്നും നിമിഷ പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ വെറും ഭാരം കുറയ്ക്കല്‍ മാത്രമായിരുന്നില്ല ഈ യാത്രയെന്നും, അതിനേക്കാളുപരി ക്ഷമയും സ്വന്തം കഴിവിലുള്ള വിശ്വാസവും തിരിച്ചറിഞ്ഞ അനുഭവമായിരുന്നു ഇതെന്നും താരം കൂട്ടിച്ചേർത്തു.
താരം കുറിച്ചതിങ്ങനെ: "ഈ കഥാപാത്രത്തിനായി ഞാൻ ഏകദേശം 14 കിലോ കൂട്ടിയിരുന്നു (58 കിലോയില്‍ നിന്ന് 72 കിലോയിലേക്ക്). സത്യത്തില്‍, പിന്നീട് ഭാരം കുറയ്ക്കാനുള്ള യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സ്, കടുത്ത ക്ഷീണം, നിരാശ… എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നിപ്പോയ നിരവധി നിമിഷങ്ങള്‍. എന്റെ പരിശീലകന് മുന്നിലിരുന്ന് 'എനിക്കിനി ഇത് തുടർന്നു കൊണ്ടുപോകാൻ കഴിയില്ല' എന്ന് കരഞ്ഞുപറഞ്ഞ ദിവസങ്ങളുമുണ്ട്.
അലി ഷിഫാസ്, നിങ്ങളില്ലായിരുന്നെങ്കില്‍ ഞാൻ ഇത് ഉപേക്ഷിച്ചേനെ. ഈ യാത്രയിലുടനീളം നിങ്ങള്‍ എനിക്കൊരു താങ്ങായിരുന്നു. കടുത്ത സമ്മർദ്ദം അനുഭവപ്പെട്ടപ്പോഴൊക്കെ എന്നെ മുന്നോട്ട് നയിച്ചു, തളർന്നുപോയ നിമിഷങ്ങളില്‍ പ്രോത്സാഹിപ്പിച്ചു, ക്ഷമയോടെ കാത്തിരിക്കാൻ എന്നെ ഓർമ്മിപ്പിച്ചു. മോശം ദിവസങ്ങളില്‍ പോലും എന്നെ കുറ്റപ്പെടുത്താതെ എല്ലാ ദിവസവും എനിക്കൊപ്പം ഉണ്ടായിരുന്നു. നിരാശയായി ഇത് ഉപേക്ഷിക്കാൻ തയ്യാറായി നിന്ന ദിവസങ്ങളില്‍ പോലും, അടുത്ത ദിവസം വീണ്ടും പരിശ്രമിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന വഴി നിങ്ങള്‍ കണ്ടെത്തി. തിരിഞ്ഞു നോക്കുമ്പോള്‍, ഇത് വെറും ഭാരം കുറയ്ക്കല്‍ മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു. ക്ഷമ, വിശ്വാസം, അതോടൊപ്പം കൂടെ ശരിയായ വ്യക്തിയുണ്ടാവുക എന്നത് എത്ര പ്രധാനമാണെന്നും മനസ്സിലായി.
നിങ്ങള്‍ എന്റെ ഈ കഠിനപാതയെ വളരെ എളുപ്പമുള്ളതാക്കി. എന്റെ ഏറ്റവും മികച്ച പരിശീലകനും ചിയർ ലീഡറും താങ്ങും നിങ്ങളാണ്. ഞാൻ എന്നില്‍ പോലും വിശ്വസിക്കാതിരുന്ന ദിവസങ്ങളില്‍ എന്നെ വിശ്വസിച്ചതിന് ഷിഫുക്കയ്ക്ക് നന്ദി. നിങ്ങളില്ലാതെ എനിക്കിത് സാധ്യമാകുമായിരുന്നില്ല."
'ബബിത സിങ് റിപ്പോർട്ടിങ്' എന്ന പുതിയ ഹിന്ദി ചിത്രത്തിനുവേണ്ടിയാണ് നിമിഷ ഇത്തരത്തില്‍ ശരീരഭാരം കൂട്ടിയത്. അംബിക പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ഡ്രാമയാണ്.

