ഉള്‍നാടൻ ചൈനയിലെ ഹെനാൻ പ്രവിശ്യയില്‍ നിന്നുള്ള 31 വയസ്സുള്ള ഒരു യുവതി, ശരീരഭാരം കുറയ്ക്കുന്നതിനായി 15 ദിവസം വെള്ളം മാത്രം കുടിച്ച് ജീവിച്ചതിനെത്തുടർന്ന് ഗുരുതരമായ നാഡീവ്യൂഹ പ്രശ്നങ്ങളും നടക്കാൻ ബുദ്ധിമുട്ടും നേരിടേണ്ടി വന്നു.
160 സെന്റീമീറ്റർ ഉയരമുള്ള ഈ യുവതിക്ക് ഉപവാസത്തിന് മുൻപ് 70 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാല്‍ ഭക്ഷണം പൂർണ്ണമായി ഒഴിവാക്കിയതോടെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 20 കിലോഗ്രാം ഭാരമാണ് കുറഞ്ഞത്.
തുടർന്ന് ഓർമ്മക്കുറവ്, ആശയക്കുഴപ്പം, കണ്ണ് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടല്‍ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെങ്ഷൂ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ പരിശോധിച്ചപ്പോള്‍, വിറ്റാമിൻ ബി1 (തയാമിൻ) -ന്റെ രൂക്ഷമായ കുറവ് മൂലം തലച്ചോറിനെ ബാധിക്കുന്ന 'വെർനിക്കീസ് എൻസെഫലോപ്പതി' എന്ന അപകടകരമായ രോഗാവസ്ഥയാണെന്ന് കണ്ടെത്തി. ഇവരെ ചികിത്സിച്ച ന്യൂറോളജിസ്റ്റ് ഡോ. സണ്‍ ഗുയിഫാങ് പറയുന്നത്, യുവതിയുടെ നടപ്പ് പെൻഗ്വിനുകളെപ്പോലെ അസ്ഥിരമായി മാറിയെന്നും ചികിത്സയ്ക്ക് ശേഷവും ഈ നടപ്പിലെ വ്യത്യാസം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ടെന്നുമാണ്.
അരിയോ മറ്റ് ധാന്യങ്ങളോ ഒഴിവാക്കുകയും, ചിലപ്പോള്‍ ഭക്ഷണം പൂർണ്ണമായും വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന 'ബിഗു' എന്ന പുരാതന താവിസ്റ്റ് രീതിയാണ് താൻ പിന്തുടർന്നതെന്ന് യുവതി ഡോക്ടർമാരോട് പറഞ്ഞു. ശരീരത്തിന് ആവശ്യമായ ഊർജ്ജം അന്തരീക്ഷത്തില്‍ നിന്ന് ലഭിക്കുമെന്നാണ് ഇതിന്റെ വിശ്വാസം. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഈ അടുത്ത കാലത്തായി ശരീരഭാരം കുറയ്ക്കാനും വിഷാംശങ്ങള്‍ പുറന്തള്ളാനുമായി ഇത്തരം കടുത്ത ഉപവാസ രീതികള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ കൃത്യമായ വൈദ്യസഹായമില്ലാതെ ഇത്തരത്തില്‍ ദിവസങ്ങളോളം ഉപവസിക്കുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നു. അത്യാവശ്യമായ വിറ്റാമിനുകളുടെയും മിനറലുകളുടെയും കുറവ് തലച്ചോറിന് തകരാറുണ്ടാക്കാനും, ശരീരത്തിലെ എലക്‌ട്രോലൈറ്റ് സന്തുലിതാവസ്ഥ തെറ്റിക്കാനും മരണത്തിന് വരെ കാരണമാകാനും ഇടയാക്കും.
ഇത്തരത്തില്‍ 2020-ല്‍ ചൈനയിലെ ഹെയിലോങ്ജിയാങ് പ്രവിശ്യയില്‍ 52 ദിവസം വെള്ളം മാത്രം കുടിച്ച് ഉപവസിച്ച 26 വയസ്സുകാരൻ ഡിമൻഷ്യക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ച് മരണപ്പെട്ടിരുന്നു. കൂടാതെ, സെജിയാങ് പ്രവിശ്യയിലെ മറ്റൊരു യുവതി ഒരു ആഴ്ച മുഴുവൻ ഒരു പ്രത്യേക 'എനർജി ഗുളിക' മാത്രം കഴിച്ച് ഉപവസിച്ചതിനെ തുടർന്ന് കുടലിന് ഗുരുതരമായ തകരാറും രക്തത്തില്‍ അണുബാധയും പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായ രീതിയില്‍ കുറയുന്ന അവസ്ഥയും നേരിടേണ്ടി വന്നിട്ടുണ്ട്.

