Dailyhunt
ചുണ്ടില്‍ സിഗരറ്റുകള്‍, നോക്കിനിന്ന് പണം എറിഞ്ഞ് ആള്‍ക്കൂട്ടം; മോര്‍ബിയിലെ 'സിഗരറ്റ് ബാബ' വീഡിയോ വിവാദത്തില്‍

ചുണ്ടില്‍ സിഗരറ്റുകള്‍, നോക്കിനിന്ന് പണം എറിഞ്ഞ് ആള്‍ക്കൂട്ടം; മോര്‍ബിയിലെ 'സിഗരറ്റ് ബാബ' വീഡിയോ വിവാദത്തില്‍

Hashtag Online 3 days ago

ഗുജറാത്തിലെ മോർബി ജില്ലയില്‍ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത ഒരു കൊച്ചുബാലൻ പരസ്യമായി സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒരു പൊതുസ്ഥലത്ത് ഇരിക്കുന്ന കുട്ടിക്ക് ചുറ്റും വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. കയ്യിലുള്ള സിഗരറ്റ് കുട്ടി ശാന്തമായി വലിക്കുമ്പോള്‍ ചുറ്റുമുള്ളവർ ഇത് തടയുന്നതിന് പകരം ഒരു വിനോദമായിട്ടാണ് കാണുന്നത്. ചിലർ കുട്ടിയുടെ നേർക്ക് പണം എറിഞ്ഞുകൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി മുതിർന്ന പുരുഷന്മാർ അവിടെയുണ്ടായിരുന്നിട്ടും ആരും തന്നെ കുട്ടിയെ അതില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല.

വീഡിയോയുടെ ഇടയില്‍ ഒരാള്‍ കുട്ടിയുടെ അടുത്തേക്ക് വന്ന് മറ്റൊരു സിഗരറ്റ് കൂടി നല്‍കുന്നുണ്ട്. അത് വാങ്ങുന്ന കുട്ടി ഒരേസമയം രണ്ട് സിഗരറ്റുകള്‍ വലിക്കുന്നതും വീഡിയോയില്‍ കാണാം. കാഴ്ചക്കാർ ഇത് മൊബൈലില്‍ പകർത്തുന്നതിലും നോക്കി നില്‍ക്കുന്നതിലുമാണ് താല്പര്യം കാണിച്ചത്. വീഡിയോയുടെ അവസാനത്തില്‍ ഒരാള്‍ വന്ന് കുട്ടിയുടെ കയ്യില്‍ നിന്നും സിഗരറ്റ് പിടിച്ചുവാങ്ങുന്നുണ്ടെങ്കിലും അപ്പോഴേക്കും വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള രോഷമാണ് ഉയരുന്നത്. കുട്ടിയുടെ പ്രവൃത്തിയെക്കാള്‍ ഉപരിയായി, അവിടെയുണ്ടായിരുന്ന മുതിർന്നവരുടെ മനോഭാവത്തെയാണ് ആളുകള്‍ രൂക്ഷമായി വിമർശിക്കുന്നത്. സഹായം നല്‍കുന്നതിന് പകരം ഇത്തരം സന്ദർഭങ്ങള്‍ വീഡിയോയില്‍ പകർത്തുന്ന പ്രവണത വർദ്ധിക്കുന്നതിനെതിരെയും വിമർശനങ്ങള്‍ ഉയർന്നു.

പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, കുട്ടിയുടെ ആരോഗ്യത്തെയും ഭാവിയെയും ബാധിക്കുന്ന ഇത്തരം പ്രവർത്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയിലെ 'കോട്ട' നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ളവർക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online