തിരുവനന്തപുരം: ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സർപ്രൈസ് പ്രകടനം.
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് "യൂണിവേഴ്‌സ് ബോസ്" കാണികള്‍ക്കായി മൈതാനത്തിറങ്ങിയത്. ആരാധകരെ രസിപ്പിക്കാനായി ബാറ്റെടുത്ത ഗെയ്ല്‍ ഗ്രീൻഫീല്‍ഡില്‍ സിക്‌സറുകളുടെ മഴ പെയ്യിച്ചു.
മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയ്‌ലിന് പന്തെറിഞ്ഞു കൊടുത്തത്. ഈ പന്തുകളെല്ലാം ഗെയ്ല്‍ അനായാസം ഗാലറിയിലെത്തിച്ചു. പിന്നീട് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ശ്രീശാന്തിന് ഗെയ്ല്‍ പന്തെറിയുകയും ചെയ്തു. തുടർന്ന് വീണ്ടും ബാറ്റെടുത്ത ഗെയ്ല്‍ തന്റെ വെടിക്കെട്ട് പ്രകടനം തുടർന്നു. മാസ് ഡയലോഗുകളും തമാശകളും കൊണ്ട് ആരാധകരുടെ മനംകവരാനും ഗെയ്‌ലിനായി. ശ്രീശാന്തിന്റെ ശിക്ഷണത്തില്‍ മോഹൻലാലിന്റെ സ്റ്റൈല്‍ അനുകരിച്ച ഗെയ്ല്‍, സദസ്സിനെ നോക്കി "എന്താ മോനെ ദിനേശാ…" എന്ന് പറഞ്ഞത് വലിയ ചിരിപ്പൂരമായി. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ ഗെയ്‌ലിനെ ആദരിച്ചു.
യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയാണ് കേരള ക്രിക്കറ്റ് ലീഗെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മെന്റർ കൂടിയായ ഗെയ്ല്‍ പറഞ്ഞു. തിരുവനന്തപുരം ഹയാത്ത് റീജൻസിയില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് ജോർജ് മാനുവല്‍, ക്യാപ്റ്റൻ സാലി സാംസണ്‍, താരം ബേസില്‍ തമ്പി എന്നിവരും ഈ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഭാഗമാക്കാനും കേരളത്തിലേക്ക് ക്ഷണിക്കാനും മുൻകൈയെടുത്ത ടീം ഉടമ സുഭാഷ് ജോർജ് മാനുവലിന് നന്ദി പറഞ്ഞുകൊണ്ടാണ് ഗെയ്ല്‍ സംസാരിച്ചു തുടങ്ങിയത്. മുൻപും കേരളത്തില്‍ വന്നിട്ടുണ്ടെന്നും ഈ നാടുകളിലേക്ക് വീണ്ടും എത്താൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ കഴിവുള്ള നിരവധി കളിക്കാരുണ്ടെന്നും അവർക്കുള്ള മികച്ച അവസരമാണ് കെ.സി.എല്‍ എന്നും ഗെയ്ല്‍ കൂട്ടിച്ചേർത്തു. ഇത്തരം ഉയർന്ന നിലവാരമുള്ള പ്രാദേശിക ലീഗുകളിലൂടെയാണ് രാജ്യാന്തര തലത്തിലേക്ക് പുതിയ പ്രതിഭകള്‍ വളർന്നുവരേണ്ടത്. ബ്ലൂ ടൈഗേഴ്‌സിന്റെ മാർഗദർശിയായുള്ള റോള്‍ താൻ ഏറെ ആസ്വദിക്കുന്നുണ്ട്. തന്റെ ദീർഘകാലത്തെ അനുഭവ സമ്പത്തും തന്ത്രങ്ങളും കേരളത്തിലെ യുവതാരങ്ങളുമായി പങ്കുവെക്കുകയാണ് ലക്ഷ്യം. നിലവില്‍ പ്രതിസന്ധിയിലുള്ള വെസ്റ്റ് ഇൻഡീസ് ടീം വൈകാതെ തന്നെ ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കേരളത്തിലെ നാടൻ ഭക്ഷണരീതികള്‍, പ്രത്യേകിച്ച് മീൻ വിഭവങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഗെയ്ല്‍ പറഞ്ഞു.

