Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഹര്‍മനും സ്മൃതിയും പരസ്പരം മുഖത്ത് പോലും നോക്കാറില്ല'; ഡ്രസിങ് റൂമിലെ 'സീക്രട്ട് പോര്' പുറത്തേക്ക്!

'ഹര്‍മനും സ്മൃതിയും പരസ്പരം മുഖത്ത് പോലും നോക്കാറില്ല'; ഡ്രസിങ് റൂമിലെ 'സീക്രട്ട് പോര്' പുറത്തേക്ക്!

Hashtag Online 1 month ago

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും സ്മൃതി മന്ഥന പദവി ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ ടീമിനുള്ളിലെ ഭിന്നതകള്‍ പുറത്തുവന്നു.

ഹർമനും സ്മൃതിയും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും ഡ്രസിങ് റൂമില്‍ ഇരുവരും പരസ്പരം സംസാരിക്കാറില്ലെന്നും ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ എൻഡിടിവി റിപ്പോർട്ട് ചെയ്തു. തനിക്ക് ലഭിക്കേണ്ടിയിരുന്ന ക്യാപ്റ്റൻ സ്ഥാനം കഴിഞ്ഞ മൂന്ന് വർഷമായി ഹർമൻ നല്‍കിയില്ലെന്ന പരിഭവം സ്മൃതിക്കുണ്ടായിരുന്നു. ഇവരുടെ അകല്‍ച്ച ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെയും മോശമായി ബാധിച്ചിട്ടുണ്ടെന്ന് ടീമിലെ മുതിർന്ന വ്യക്തി വെളിപ്പെടുത്തി.

യു കെയില്‍ നടന്ന ട്വന്റി-20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ മുൻ ക്യാപ്റ്റൻ മിതാലി രാജും ഹർമനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഹർമന്റെ ഫോമും ഫിറ്റ്നസും മോശമാണെന്നും ക്യാപ്റ്റൻസി മാറ്റേണ്ട സമയമായെന്നും മിതാലി വ്യക്തമാക്കി. ഏകദിന ക്യാപ്റ്റൻസി വർഷങ്ങള്‍ക്ക് മുൻപ് തന്നെ മറ്റൊരാള്‍ക്ക് കൈമാറണമായിരുന്നുവെന്നും, ട്വന്റി-20 നായകസ്ഥാനം ഷെഫാലി വർമ്മയെപ്പോലുള്ള യുവതാരങ്ങള്‍ക്ക് നല്‍കണമെന്നും അവർ അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനായി താൻ തിരഞ്ഞെടുക്കപ്പെടാൻ വൈകിയതില്‍ സ്മൃതിക്ക് അതൃപ്തിയുണ്ടായിരുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും അർഹിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചിരുന്നു. 2013-ല്‍ അരങ്ങേറിയ സ്മൃതി, അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുകയും ഏഷ്യൻ ഗെയിംസ് ജയത്തോടെ ക്യാപ്റ്റൻസിക്ക് കൂടുതല്‍ അർഹത നേടുകയും ചെയ്തു. തുടർന്ന് ഗുവാഹത്തിയില്‍ ചേർന്ന യോഗത്തില്‍ ഹർമനോട് സ്ഥാനമൊഴിയാൻ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

വളരെ വികാരനിർഭരമായ കുറിപ്പിലൂടെയാണ് എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ പദവി ഒഴിയുന്നതായി ഹർമൻപ്രീത് പ്രഖ്യാപിച്ചത്. കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് ടീമിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും, വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ ടീമിന്റെ വളർച്ചയ്ക്കാണ് മുൻഗണന നല്‍കിയതെന്നും അവർ കുറിച്ചു. ക്യാപ്റ്റൻ സ്ഥാനം മാത്രമാണ് മാറുന്നതെന്നും കളിക്കാരിയായി ടീമില്‍ തുടരുമെന്നും ഹർമൻ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online