ഇന്നത്തെ യുവാക്കള്‍ എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നത്? അല്ലെങ്കില്‍ പൂർണ്ണമായി ഒഴിവാക്കുന്നത്? ഇതിനെക്കുറിച്ച് മുതിർന്ന കണ്ടന്റ് ക്രീയേറ്ററായ (content creator) വിനോദ് കുമാർ ശർമ്മ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ച ഈ അഭിപ്രായത്തില്‍, യുവാക്കള്‍ക്ക് വിവാഹത്തിനോട് താല്പര്യമില്ലാത്തത് കൊണ്ടല്ല ഇങ്ങനെയൊരു മാറ്റമെന്നും, മറിച്ച് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റുമോ എന്ന ആഴത്തിലുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
"ഇന്നത്തെ യുവാക്കള്‍ വൈകി വിവാഹം കഴിക്കുന്നതിനോ അല്ലെങ്കില്‍ കഴിക്കാതിരിക്കുന്നതിനോ കാരണം എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. 30-35 വയസ്സുള്ള ആളുകള്‍ക്ക് വിവാഹം കഴിക്കാൻ ഭയമില്ലെന്നും, എന്നാല്‍ ദീർഘകാലത്തേക്ക് ഒത്തുപോകാൻ കഴിയാത്ത ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിനെയാണ് അവർ ഭയക്കുന്നതെന്നും ശർമ്മ വീഡിയോയില്‍ വിശദീകരിക്കുന്നു.
പലരും തങ്ങളുടെ ബന്ധങ്ങളില്‍ സന്തുഷ്ടരല്ലെങ്കിലും അതിനെക്കുറിച്ച് തുറന്നുപറയാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഇന്നത്തെ യുവാക്കള്‍ കാണുന്നുണ്ട്. ചിലർ വെറുതെ 'അഡ്ജസ്റ്റ്' ചെയ്ത് ജീവിക്കുമ്പോള്‍, മറ്റുചിലർക്ക് ഇനി ഇതില്‍ നിന്നും ഒരു പിന്മാറ്റം എളുപ്പമല്ലാത്തതുകൊണ്ട് മാത്രം ആ ബന്ധത്തില്‍ തുടരുകയാണ്. മുൻതലമുറയിലെ ദമ്പതികള്‍ പരസ്പരം മിണ്ടാതെയും, ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്തും, ഒടുവില്‍ ആ ബന്ധത്തില്‍ കുടുങ്ങിപ്പോയതുപോലെ ജീവിക്കുന്നത് കണ്ടാണ് പുതിയ തലമുറ വളർന്നത്.
അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കും സമയപരിധികള്‍ക്കും മുൻഗണന നല്‍കുന്നതിനേക്കാള്‍, പരസ്പരമുള്ള മാനസികപ്പൊരുത്തത്തിനും വ്യക്തിപരമായ സന്തോഷത്തിനുമാണ് ഇന്നത്തെ യുവാക്കള്‍ പ്രാധാന്യം നല്‍കുന്നത്. "ജീവിതം വളരെ വലുതാണ്, തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അത് അതിലും നീളമുള്ളതായി തോന്നും," ശർമ്മ കൂട്ടിച്ചേർത്തു. ഇന്നത്തെ തലമുറ വിവാഹത്തെ വളരെ ഗൗരവമേറിയതും ദീർഘകാലത്തേക്കുള്ളതുമായ ഒരു തീരുമാനമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് വിവാഹം കഴിക്കുന്നതിനേക്കാള്‍ അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുക എന്നതിനാണ് അവർ പ്രാധാന്യം നല്‍കുന്നത്. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി വിവാഹത്തിലേക്ക് കടക്കുന്നതിനേക്കാള്‍ നല്ലത് ശരിയായ വ്യക്തിക്കായി കാത്തിരിക്കുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
ഒരു നിശ്ചിത 'വിവാഹപ്രായം' എന്ന ചിന്താഗതിയിലും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ഏത് പ്രായത്തില്‍ കല്യാണം കഴിക്കണം എന്നതിനേക്കാള്‍, അതിനുള്ള മാനസികമായ തയ്യാറെടുപ്പും പങ്കാളിയുമായുള്ള പൊരുത്തവുമാണ് യുവാക്കള്‍ നോക്കുന്നത്. ചുരുക്കത്തില്‍, ഇത് വിവാഹത്തെ നിരസിക്കലല്ല, മറിച്ച് ജീവിതത്തില്‍ തെറ്റായ ഒരു തീരുമാനം എടുക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. തെറ്റായ ഒരാളോടൊപ്പം ധൃതിപിടിച്ച് ജീവിതം തുടങ്ങുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ശരിയായ വ്യക്തിക്കായി കുറച്ചുകൂടി കാത്തിരിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
പരമ്പരാഗതമായ സമയപരിധികള്‍ക്കനുസരിച്ച് ജീവിക്കുന്നതിനേക്കാള്‍, ദീർഘകാലത്തെ മാനസിക സന്തോഷത്തിന് മുൻഗണന നല്‍കുന്ന ഇന്നത്തെ യുവാക്കളുടെ മാറിയ ചിന്താഗതിയെയാണ് ഈ വീഡിയോ പ്രതിഫലിപ്പിക്കുന്നത്.

