Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ജയറാമിന്റെ വാക്ക് വിശ്വസിച്ച്‌ ആ പടം ചെയ്തു, എട്ടുനിലയില്‍ പൊട്ടി, ശേഷം സ്ട്രോക്ക് വന്നു, ഒന്നു വിളിച്ചുപോലുമില്ല'

'ജയറാമിന്റെ വാക്ക് വിശ്വസിച്ച്‌ ആ പടം ചെയ്തു, എട്ടുനിലയില്‍ പൊട്ടി, ശേഷം സ്ട്രോക്ക് വന്നു, ഒന്നു വിളിച്ചുപോലുമില്ല'

Hashtag Online 5 days ago

കൊച്ചി: കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' എന്ന സിനിമയ്ക്ക് ശേഷം നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെക്കുറിച്ച്‌ തുറന്നുപറഞ്ഞ് നടിയും അദ്ദേഹത്തിന്റെ സഹോദരിയുമായ ഉഷ ഹസീന.

ജയറാമിന്റെ വാക്ക് വിശ്വസിച്ചാണ് ഹസീബ് കോടികള്‍ മുടക്കി ആ സിനിമ നിർമ്മിച്ചതെന്നും എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ ഫോണില്‍ പോലും വിളിച്ച്‌ അന്വേഷിക്കാൻ ജയറാം തയ്യാറായില്ലെന്നും 'മൈ മീഡിയ ഒറിജിനല്‍സിന്' നല്‍കിയ അഭിമുഖത്തില്‍ ഉഷ ആരോപിച്ചു.

ജയറാമിനെ നായകനാക്കി 'ഗ്രാൻഡ്ഫാദർ' എന്ന സിനിമ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മകൻ കാളിദാസിനെ വെച്ച്‌ 'ഹാപ്പി സർദാർ' നിർമ്മിക്കുന്നത്. ഈ സിനിമ ചെയ്യരുതെന്ന് കുടുംബാംഗങ്ങള്‍ ഒന്നടങ്കം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ താൻ കൂടെയുണ്ടാകുമെന്ന ജയറാമിന്റെ ഉറപ്പിലാണ് ഹസീബ് മുന്നോട്ടുപോയത്. ഇത് കാരണം സാമ്പത്തികം മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യവും തകരുന്ന അവസ്ഥയാണുണ്ടായത്.

സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയപ്പോഴൊക്കെ താൻ ജയറാമേട്ടന് കൊടുത്ത വാക്കാണെന്നാണ് ഹസീബ് പറഞ്ഞിരുന്നത്. വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച്‌ പോകുന്ന അത്രയും അടുത്ത ബന്ധമായിരുന്നു ജയറാമുമായി ഉണ്ടായിരുന്നത്. എന്നാല്‍ പഞ്ചാബില്‍ വരെ പോയി ചിത്രീകരിച്ച സിനിമ വലിയ പരാജയമായി മാറിയതോടെ ഹസീബ് വലിയ സാമ്പത്തിക ബാധ്യതയിലായി. അതോടെ അദ്ദേഹത്തിന്റെ സിനിമ മാത്രമല്ല, ജീവിതം തന്നെ തകരുകയായിരുന്നു.

ഈ സാമ്പത്തിക നഷ്ടം ഹസീബിനെ മാനസികമായി തളർത്തുകയും പിന്നീട് ലിവർ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കും വന്ന് അദ്ദേഹം കിടപ്പിലാവുകയും ചെയ്തു. മരണവക്ത്രത്തില്‍ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്. ആ സമയത്ത് സിനിമയിലെ വിജയകുമാർ, ബാദുഷ, സുബൈർ തുടങ്ങിയ സുഹൃത്തുക്കള്‍ കാണാൻ വന്നെങ്കിലും ജയറാം ഫോണ്‍ വിളിക്കാനോ കാണാനോ കൂട്ടാക്കിയില്ല.

പിന്നീട് മകളുടെ വിവാഹസമയത്ത് ജയറാം ഹസീബിനെ വിളിച്ചിരുന്നു. അന്ന് ഹസീബിന്റെ സംസാരത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പെട്ട ജയറാം എന്തുപറ്റിയെന്ന് മെസ്സേജ് അയച്ചു. സ്ട്രോക്ക് വന്ന വിവരം ആരും തന്നോട് പറഞ്ഞില്ലെന്നും നാട്ടിലെത്തിയാല്‍ നേരില്‍ കാണാമെന്നും ശബ്ദസന്ദേശത്തിലൂടെ അറിയിച്ചെങ്കിലും ഇന്നുവരെ അദ്ദേഹം വരികയോ യാതൊരു സഹായവും ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ഉഷ പറഞ്ഞു. ആ ഒറ്റ സിനിമ കാരണം ഹസീബിന് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു.

"നിന്റെ അച്ഛന്റെ ഒറ്റ വാക്കിന്റെ പേരിലാണ് അങ്കിള്‍ ഇത്രയും പൈസ മുടക്കി നിനക്ക് വേണ്ടി ഈ പടം ചെയ്തതെന്ന കാര്യം മറക്കരുത്" എന്ന് കാളിദാസിനോട് എപ്പോഴും പറയാറുണ്ടെന്നും, ജയറാം തന്നെ ഇക്കാര്യങ്ങള്‍ സമ്മതിക്കുന്ന ഫോണ്‍ റെക്കോർഡിങ്ങുകള്‍ പുറത്തായിട്ടുണ്ടെന്നും ഉഷ ഹസീന അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Hashtag Online